ദുബായ്: എന്നാലും ഇങ്ങനെയുമുണ്ടോ ഒരു റണ്ണപ്പ് എന്ന് സ്വന്തം ടീം അംഗങ്ങള്‍പോലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു പന്തെറിയാന്‍ പാക് പേസറായ വഹാബ് റിയാസ് റണ്ണപ്പ് എടുത്ത് ഓടി വന്നത് അഞ്ചു തവണ. തന്റെ പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തെറിയാനാണ് വഹാബ് അഞ്ചു തവണ റണ്ണപ്പ് എടുത്തത്. വഹാബിന്റെ റണ്ണപ്പ് കണ്ട് ഡ്രസ്സിംഗ് റൂമിലിരുന്ന കോച്ച് മിക്കി ആര്‍തര്‍ പോലും തലയില്‍ കൈവെച്ചുപോയി.

ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് ഒന്നും പറഞ്ഞില്ലെങ്കിലും അതൃപ്തി മുഖത്ത് വ്യക്തമായിരുന്നു. രണ്ടാം ദിനത്തിലെ പരിഹാസ്യ കഥാപാത്രമായെങ്കിലും മൂന്നാം ദിനം ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ ക്ഷണത്തില്‍ വീഴ്‌ത്തി വഹാബ് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്ക 482 റണ്‍സിന് പുറത്തായപ്പോള്‍ പാക്കിസ്ഥാന് 262 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്ര് വീഴ്‌ത്തിയ വഹാബ് ലങ്കയെ രണ്ടാം ഇന്നിംഗ്സില്‍ വെറും 96 റണ്‍സിന് ഓള്‍ ഔട്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 317 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സെന്ന നിലയിലാണ്.