ന്യൂഡല്‍ഹി : ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചില്ലെന്ന പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ എഴുതിത്തള്ളാമെന്നു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏതെങ്കിലും ടീം കരുതിയാല്‍ അതവരുടെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുന്നതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മൈക് ഹസി. ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിാണ് ഹസി കൊഹ്ലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

കൊഹ്‌ലി ഒരു ക്ലാസ് ബാറ്റ്‌സ്മാനാണ്. അദ്ദേഹത്തെ എഴുതിത്തള്ളുന്നത് ആത്മഹത്യാപരമാണ്. ഒരു താരത്തെ നിശ്ശബ്ദനായി ഏറെക്കാലം നിര്‍ത്താന്‍ ആര്‍ക്കുമാവില്ല. ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച പ്രകടനം നടത്താനും തന്റെ നിലവാരം ലോകത്തെ ബോധ്യപ്പെടുത്താനുമുള്ള നിശ്ചയദാര്‍ഢ്യത്തിലാവും കൊഹ്‌ലി കളിക്കുന്നതെന്നും ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ഫോം ടൂര്‍ണമെന്റിലെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നില്ലെന്നും ഹസി വ്യക്തമാക്കി.

മറ്റൊരു രാജ്യത്തു നടക്കുന്ന മറ്റൊരു ടൂര്‍ണമെന്റാണിത്. നന്നായി തുടങ്ങുകയും അതു നിലനിര്‍ത്തുകയുമാണു പ്രധാനം. അതോടെ, ഓരോ മല്‍സരത്തിലും ആത്മവിശ്വാസം കൂടി വരും. ഹസി പറഞ്ഞു.

പന്ത് പരമാവധി താമസിച്ചു കളിക്കുക. സ്വിങ്ങിനു സാധ്യതയുള്ള പിച്ചുകളാണ്. ഓസ്‌ട്രേലിയയില്‍ മുന്നോട്ടാഞ്ഞു ബാറ്റു വീശുന്നതു പോലെ ഇംഗ്ലണ്ടില്‍ കളിക്കാന്‍ പറ്റില്ല. ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പ്രത്യേക ഉപദേശവും ഹസി നല്‍കുന്നു.