രണ്ടു പതിറ്റാണ്ടിനിപ്പുറം ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് സ്വർണമെഡൽ സമ്മാനിച്ച് മീരബായ് ചാനു. അമേരിക്കയിലെ അനാഹെയ്മിൽ നടന്ന ചാംപ്യഷിപ്പിലാണ് വനിതകളുടെ 48 കിലോ വിഭാഗത്തിൽ സുവർണനേട്ടവുമായി മീരബായ് ചരിത്രം കുറിച്ചത്. ഇതോടെ കർണം മല്ലേശ്വരി ഈ വിഭാഗത്തിൽ സ്ഥാപിച്ച 22 വ‍ർഷം നീണ്ട റെക്കോര്‍ഡ് പഴങ്കഥയാക്കാനും മീരബായ് ചാനുവിന് സാധിച്ചു. മൂന്നു റൗണ്ടുകളിലായി 194 കിലോ ഭാരം ഉയ‍ർത്തിയാണ് മണിപ്പൂരുകാരിയും ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥയുമായ മീര സ്വപ്നനേട്ടം കൈവരിച്ചത്. 1994, 1995 വ‍ർഷങ്ങളിൽ കർണം മല്ലേശ്വരിയാണ് ഇതിന് മുമ്പ് വനിതകളുടെ ഭാരോദ്വാഹനത്തിൽ ഇന്ത്യയ്‌ക്ക് വേണ്ടി സ്വർണംനേടിയിട്ടുള്ളത്. റിയോ ഒളിംപിക്‌സിൽ മൂന്നു റൗണ്ടുകളിലും ഭാരം ഉയ‍ർത്താനാകാതെ നാണംകെട്ടാണ് മീരബായ് പിൻവാങ്ങിയത്. ആ നാണക്കേടിന്റെ കറ കഴുകിക്കളാണ് ഇപ്പോൾ ലോകചാംപ്യൻഷിപ്പിൽ ചരിത്രനേട്ടം കൈവരിച്ചത്. ഉത്തേജകമരുന്നു വിവാദവുമായി ബന്ധപ്പെട്ട് ചൈന, റഷ്യ, കസാഖിസ്ഥാൻ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളിലെ മുൻനിര താരങ്ങൾ ചാംപ്യൻഷിപ്പിൽനിന്ന് വിട്ടുനിന്നതും ഇന്ത്യൻ താരത്തിന് തുണയായി.