ലാഹോര്‍: പാക്കിസ്ഥാന്‍ ആരാധകരും ക്രിക്കറ്റ് ബോര്‍ഡുമെല്ലാം ചോദിച്ചുകൊണ്ടിരുന്ന ആ വലിയ ചോദ്യത്തിന് പാക് ക്രിക്കറ്റ് ടീം നായകന്‍ മിസ്ബാ ഉള്‍ ഹഖ് ഒടുവില്‍ മറുപടി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 42കാരനായ മിസ്ബ പറഞ്ഞു. വിരമിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്നും മിസ്ബ വ്യക്തമാക്കി.

2010ലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്നാണ് മിസ്ബാ പാക്കിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്. മിസ്ബയ്ക്ക് കീഴില്‍ പാക്കിസ്ഥാന്‍ 53 ടെസ്റ്റുകളില്‍ 24 എണ്ണം ജയിച്ചപ്പോള്‍ 18 മത്സരങ്ങളില്‍ തോറ്റു. 11 മത്സരങ്ങളില്‍ സമനില നേടി. മിസ്ബയുടെ നായകത്വത്തില്‍ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കു ഉയര്‍ന്നു.

ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ 3-0ന് തോറ്റതിന് പിന്നാലെ മിസ്ബ ക്യാപ്റ്റന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ബാറ്റിംഗിലെ മോശം ഫോമും മിസ്ബയ്ക്ക് തിരച്ചടിയായി. ഏപ്രില്‍ 21ന് ജമൈക്കയിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പാക്കിസ്ഥാന്റെ ആദ്യ ടെസ്റ്റ്. ഏപ്രില്‍ 3ന് ബാര്‍ബഡോസില്‍ രണ്ടാം ടെസ്റ്റും മെയ് 10ന് ഡൊമനിക്കയില്‍ മൂന്നാം ടെസ്റ്റും നടക്കും.