ലണ്ടന്‍: വനിതാ ലോകകപ്പിന് ശേഷം ഐസിസി തെരഞ്ഞെടുത്ത ലോകകപ്പ് ടീമില്‍ ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങള്‍. ഇന്ത്യന്‍ നായിക മിതാലി രാജ് ആണ് ടീമിന്റെ നായിക. മിതാലിക്ക് പുറമെ ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരാണ് ഐസിസി ലോകകപ്പ് ടീമിലെ അന്തിമ ഇലവനില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍.

ലോകകപ്പില്‍ 409 റണ്‍സടിച്ച് ടൂര്‍ണമെന്റിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരിയായ മിതാലി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 115 പന്തില്‍ 171 റണ്‍സടിച്ച ഹര്‍മന്‍പ്രീത് ക്രിക്കറ്റ് ലോകത്തെയാകെ അമ്പരപ്പിച്ചപ്പോള്‍ ടൂര്‍ണമെന്റില്‍ 12 വിക്കറ്റുമായി 19കാരി ദീപ്തി ശര്‍മയും തിളങ്ങി.

ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാലുപേര്‍ ടീമിലിടം നേടി. വിക്കറ്റ് കീപ്പര്‍ സാറാ ടെയ്‌ലര്‍, ടൂര്‍ണമെന്റിലെ താരം ടാംസിന്‍ ബിയോമോണ്ട്, ഫൈനലിലെ താരം അന്യ ഷ്‌റുബ്‌സോള്‍, ഇടം കൈയന്‍ സ്പിന്നര്‍ അലക്സ് ഹാര്‍ട്‌ലി എന്നിവരാണ് ഇംഗ്ലണ്ടില്‍ നിന്ന് ടീമിലെത്തിയവര്‍.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മൂന്ന് പേര്‍ ടീമിലിടം നേടിയപ്പോള്‍ ഒരു ഓസ്ട്രേലിയന്‍ താരവും അന്തിമ ഇലവനിലെത്തി.ഇംഗ്ലണ്ടിന്റെ നതാലി സ്കൈവര്‍ ആണ് ടീമിലെ പന്ത്രണ്ടാമത്തെ അംഗം.