വനിതാ ക്രിക്കറ്റിൽ റൺവേട്ടയിൽ മുന്നിലുള്ള മിതാലി രാജിനും കൂടുതൽ വിക്കറ്റ് നേടിയ ജുലാൻ ഗ്വോസ്വമിക്കും ഇത് ലോകകപ്പ് നേടാനുള്ള അവസാന അങ്കമാണ്. കിരീട നേട്ടത്തോടെ ക്രിക്കറ്റ് കരിയരില്‍ മറ്റൊരു പൊൻതൂവൽക്കൂടെ തുന്നിച്ചേർക്കാനാണ ഇവരുട ശ്രമം.
രാജ്യാന്തര ക്രിക്കറ്റിലെ റെക്കോര്‍ഡകളിലധികവും സ്വന്തം പേരിനൊപ്പം ചേര്‍ത്തിട്ടും ലോകകിരീടത്തിനായി സച്ചിന്‍ ടെന്‍ഡുൽക്കര്‍ കാത്തിരുന്നത് വര്‍ഷങ്ങളോളം. വാങ്കഡേയിൽ ധോണിപ്പട വിജയഭേരി മുഴക്കുമ്പോള്‍ രണ്ട് പതിറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് അവസാന ലോകകപ്പില്‍ സ്വപ്‍നസാക്ഷാത്കാരം
വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ മുഖമായ രണ്ട് സൂപ്പര്‍ താരങ്ങള്‍ സച്ചിന്‍റെ വഴിയേ ലോകകിരീടത്തോടെ വിരമിക്കാനായാണ് ലോര്‍ഡ്സിലെ കലാശപ്പോരിനിറങ്ങുന്നത്. ഏകദിനക്രിക്കറ്റിലെ റൺവേട്ടയിൽ ഒന്നാമതുള്ള വനിതാ താരം മിതാലി രാജും വിക്കറ്റ് കൊയ്ത്തില്‍ മുന്നിലുള്ള ജുലന്‍ ഗോസ്വാമിയും.
ന്യുസീലന്‍ഡിനെതിരായ മത്സരത്തില്‍ 6000 ക്ലബ്ബിലെത്തി ചരിത്രം തിരുത്തിയ മിതാലിക്ക് നീലപ്പടയെ നയിക്കുന്നതിന്‍റെ സമ്മര്‍ദ്ദവുമുണ്ട്. 2005ലെ ഫൈനലിൽ തലകുനിച്ചതിന്‍റെ നിരാശ മാറ്റാനിറങ്ങുന്ന മിതാലിക്ക് ലോകകിരീടത്തിനായി ഇനിയൊരവരം ഉണ്ടാകില്ല. അവസാന ലോകകപ്പെന്ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും മുന്‍പേ പ്രഖ്യാപിച്ചിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ വനിതാ രത്നം . മുപ്പത്തിനാലുകാരിയായ ജൂലന്‍ ഗോസ്വാമിക്കും ഇത് അവസാന ലോകകപ്പായേക്കും. 200 വിക്കറ്റ് നേട്ടത്തിലെത്താന്‍ വേണ്ടത് എട്ട് ഇരകളെ കൂടി.
2005ൽ ആദ്യ ലോകകപ്പ് ഫൈനലിനായി മിതാലി രാജ് ഇറങ്ങുമ്പോള്‍ തത്സമയ സംപ്രേഷണം ഒരു ചാനലിലും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് കിരീടധാരണത്തിനായി ഒരു രാജ്യം മുഴുവന്‍ മിതാലിക്ക് പിന്നിലുണ്ട്. ലോര്‍ഡ്സില്‍ എന്ത് സംഭവിച്ചാലും മിതാലിയും ജൂലനും ഇന്ത്യന്‍ ക്രിക്കറ്റിന് ഇതിഹാസങ്ങളാണ്. ഇന്ത്യൻ വനിതാ ടീമിന് മേൽവിലാസമെഴുതിക്കൊടുത്ത പ്രതിഭകൾ.
