ഹൈദരാബാദ്: കഴിഞ്ഞ വനിതാ ക്രിക്കറ്റ് ലോക കപ്പോടെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കിയ മിഥാലി രാജിന് ഇന്ത്യന്‍ റെയില്‍വേയുടെ സമ്മാനം. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ റണ്ണേഴ്സ് അപ്പായി പുറത്തായെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് പടയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന ഇന്ത്യന്‍ നായികയ്ക്കാണ് ഇന്ത്യന്‍ സൗത്ത് റെയില്‍വേ സ്ഥാനക്കയറ്റം നല്‍കിയത്.

സൗത്ത് റെയില്‍വേ ആസ്ഥാനമായ ഹൈദരാബാദില്‍ ചീഫ് ഓഫീസ് സൂപ്രണ്ടായ മിഥാലിക്ക് സെപ്ഷ്യല്‍ ഡ്യൂട്ടി ഓഫീസാറായാണ് സ്ഥാനകയറ്റം ലഭിച്ചത്. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ മിഥാലിയും സംഘവും കാഴ്ച്ച വച്ച മികച്ച പ്രകടനത്തിനാണ് സ്ഥാനകയറ്റം നല്‍കിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് റെയില്‍വേ അംഗം പറഞ്ഞു. 

ക്രിക്കറ്റ് ലോകം അടക്കി ഭരിച്ച ക്രിക്കറ്റ് രാജാക്കന്മാരുടൊപ്പമാണ് കാണികളുടെ മനസ്സില്‍ മിഥാലിയും സംഘവും ഇടം പിടിച്ചത്. ലോക വനിതാ ക്രിക്കറ്റ് മത്സരത്തില്‍ മിഥാലിയും സംഘവും ഒന്‍പത് റണ്‍സിനാണ് ഇംഗ്ലണ്ടിനോട് പടപൊരുതി തോറ്റത്.