ബംഗളൂരു: ക്രിക്കറ്റ് ഗ്രൗണ്ടിലും പുറത്തും ശക്തമായ നിലപാടുകള്‍ക്കൊണ്ട് ശ്രദ്ധേയയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജ്. ലോകകപ്പിനിടെ ഇഷ്ടപ്പെട്ട പുരുഷതാരമാരാണെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഇഷ്ടപ്പെട്ട വനിതാ താരമാരാണന്ന് നിങ്ങള്‍ ഒരു പുരുഷ താരത്തോട് ചോദിക്കുമോ എന്ന മറുചോദ്യം കൊണ്ടാണ് മിതലായി നിശബ്ദനാക്കിയത്. ഇപ്പോഴിതാ ധരിച്ച വസ്ത്രത്തില്‍ കക്ഷത്തെ വിയര്‍പ്പു കണ്ടതിന് കളിയാക്കിയ ആരാധകന് ഉരുളയ്ക്കുപ്പേരി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മിതാലി.
സഹതാരങ്ങളായ വേദാ കൃഷ്ണമൂര്‍ത്തിക്കും മുന്‍ താരം മമതാ മാബെന്നുമൊപ്പം കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ ഒരു ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു മിതാലി. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും ചടങ്ങിലുണ്ടായിരുന്നു. ചടങ്ങിനുശേഷം സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം മിതാലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
എന്നാല്‍ ഈ ചിത്രത്തില്‍ മിതാലി ധരിച്ച വസ്ത്രത്തില്‍ കക്ഷത്തിലെ വിയര്‍പ്പ് വ്യക്തമായി കാണാമായിരുന്നു. ഇത് ആഷിം ദാസ് ചൗധരി എന്ന ആരാധകന് അത്ര പിടിച്ചില്ല. അയാള്‍ മിതാലിയുടെ ചിത്രത്തിന് താഴെ കുറിച്ചു, ക്ഷമിക്കണം ക്യാപ്റ്റന്‍, വിചിത്രമായ ലുക്കിലാണല്ലോ, കക്ഷത്തെ വിയര്‍പ്പൊക്കെ കാണിച്ചെന്നായിരുന്നു ചൗധരിയുടെ കമന്റ്.
ഇതിന് മിതാലി നല്‍കിയ മറുപടിയായിരുന്നു കിടിലം. ഞാനിവിടെ എത്തി നില്‍ക്കുന്നത് കളിക്കളത്തില്‍ ഞാനൊഴുക്കിയ വിയര്‍പ്പിന്റെ ഫലമായാണ്. ഇതില്‍ നാണിക്കാനായി ഒന്നുമില്ല. ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനത്തിനായി ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴെടുത്ത ഒരു ചിത്രമാണത്. മിതാലിയുടെ മറുപടിയെത്തിയതോടെ ആരാധകനെ മറ്റ് ആരാധകരും മറുപടികള്‍ക്കൊണ്ട് കൊന്നുകൊലവിളിച്ചു.
