ലണ്ടന്‍: ക്രിക്കറ്റിനോട് ഇന്ത്യയില്‍ രാജകീയമായ ആരാധനയാണ്. എന്നാല്‍ ക്രിക്കറ്റിന്‍റെ ആരാധക പ്രീതിയുമൊന്നും വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് ലഭിക്കാറില്ല. ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് വേണ്ട പ്രാധാന്യം നല്‍കുന്നില്ലെന്ന് വനിതാ ടീമിന്റെ ക്യാപ്റ്റന്‍ മിതാലി രാജ്. പുരുഷ താരങ്ങളോട് തങ്ങളെ താരതമ്യം ചെയ്യരുതെന്നും മിതാലി കൂട്ടിച്ചേര്‍ത്തു. 

വനിതാ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ പുരുഷ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മിതാലി. ഇന്ത്യയുടെയും പാകിസ്താന്റെയും പുരുഷ ക്രിക്കറ്റ് താരങ്ങളില്‍ മിതാലിക്ക് പ്രിയപ്പെട്ട താരം ആരെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ ചോദ്യകര്‍ത്താവിനെ വെട്ടിലാക്കുന്ന മറുപടിയാണ് മിതാലി നല്‍കിയത്. 

ഇതേ ചോദ്യം നിങ്ങള്‍ ഒരു പുരുഷ താരത്തോട് ചോദിക്കുമോ എന്നായിരുന്നു മിതാലിയുടെ മറുപടി. വനിതാ താരങ്ങളെ രണ്ടാം തരക്കാരായി കാണുന്നതിന്റെ സൂചനയാണ് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഇന്ത്യയിലെ പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയോ പ്രാധിനിത്യതോ വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും മിതാലി പറഞ്ഞു.