ദില്ലി: ഇംഗ്ലണ്ടിനെതിരായ വനിതാ ലോകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്കുള്ള കാരണങ്ങളിലൊന്ന് ക്യാപ്റ്റന്‍ മിതാലി രാജിന്റെ അപ്രതീക്ഷിത റണ്ണൗട്ടായിരുന്നു. 31 പന്തില്‍ 17 റണ്‍സെടുത്തു നില്‍ക്കെ അതിവേഗ സിംഗിളിന് ശ്രമിച്ച പൂനം റാവുത്തിന്റെ വിളിക്ക് അതേരീതിയില്‍ പ്രതികരിക്കാന്‍ മിതാലിക്ക് ആയിരുന്നില്ല. ഒറ്റക്കാഴ്ചയില്‍ വളരെ അലസമായാണ് മിതാലി ഓടിയതെന്ന് തോന്നുകയും ചെയ്തിരുന്നു.
അലസമായി ഓടി മിതാലി പുറത്തായത് ഒത്തുകളിയുടെ ഭാഗമാണെന്ന് വരെ ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാനെ പോലുള്ള ആളുകള്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് ആദ്യമായി വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ നായിക. തന്റെ സ്പൈക്കുകള്‍ ഗ്രൗണ്ടില്‍ ഉടക്കിപ്പോയതിനാലാണ് വിചാരിച്ച വേഗത്തില്‍ ആ റണ്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാഞ്ഞതെന്ന് മിതാലി പറഞ്ഞു.
എന്റെ പുറത്താകലിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചില ദുരാരോപണങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്റെ സ്പൈക്കുകള്‍ ഗ്രൗണ്ടില്‍ ഉടക്കിപ്പോയതായിരുന്നു. അല്ലാതെ അലസമായി ഞാനോടിയതല്ല. പൂനം റണ്ണിനായി വിളിച്ചപ്പോള്‍ ഞാന്‍ അതിവേഗം പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ പിച്ചിന്റെ പാതിവഴിയിലെത്തിയപ്പോഴാണ് സ്പൈക്ക് ഗ്രൗണ്ടിലുടക്കിയത്. ടിവി ക്യാമറകള്‍ ഇതുകണ്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് വേഗം ഓടാനോ ക്രീസിലേക്ക് ഡൈവ് ചെയ്യാനോ ആയില്ല. തീര്‍ത്തും നിസഹായയായിരുന്നു ഞാന്‍-മിതാലി വ്യക്തമാക്കി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 9 റണ്‍സിനാണ് ഫൈനലില്‍ കീഴടങ്ങിയത്. ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ടമായശേഷം ക്രീസിലെത്തിയ മിതാലി രാജ് പൂനം റാവത്തുമൊത്ത് 28 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിനിടെയാണ് മിതാലിയുടെ റണ്ണൗട്ടിന്റെ രൂപത്തില്‍ വിക്കറ്റ് നഷ്ടമായത്.
