മുംബൈ: ഐപിഎല്‍ മാതൃകയില്‍ വനിതകള്‍ക്ക് ട്വന്‍റി20 ലീഗ് വേണമെന്ന് ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്. ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച ക്യാപ്‌റ്റനും എക്കാലത്തെയും മികച്ച വനിതാ താരങ്ങളിലൊരാളുമാണ് മിതാലി. വനിതാ താരങ്ങള്‍ക്ക് മികവ് തെളിയിക്കാന്‍ ലീഗ് സഹായകമാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.
ട്വന്‍റി20 ലീഗ് വരുന്നതിലൂടെ കൂടുതല്‍ താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കുമെന്നും മിതാലി പറഞ്ഞു. ലോകകപ്പിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ടീമിന് ലഭിച്ച സ്വീകരണം ഞെട്ടിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണെന്നും മിതാലി വ്യക്തമാക്കി.
ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമായ മിതാലി 186 മത്സരങ്ങളില്‍ നിന്ന് 6190 റണ്‍സ് നേടിയിട്ടുണ്ട്. വനിതാ ക്രിക്കറ്റില്‍ 6000 റണ്‍സ് തികച്ച ഏക താരവും മിതാലിയാണ്. ഏകദിനത്തില്‍ കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികളുടെ റെക്കോര്‍ഡും മിതാലിക്കുണ്ട്. മുപ്പത്തഞ്ചുകാരിയായ താരം 1999 മുതല്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ്.
