ലണ്ടന്‍: മൂന്ന് തവണ ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ നായിക മിതാലി രാജ്. ഏത് സാഹചര്യത്തിലും ഭയമില്ലാതെ കളിക്കാന്‍ നീലപ്പടയ്ക്കാവുമെന്നും കിരീടം നേടുമെന്നും ലോകകപ്പിന് മുന്നോടിയായി ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മിതാലി രാജ് പറഞ്ഞു. ഞാറാഴ്ച ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ഇന്ത്യന്‍ ടീമിന്‍റെ ആത്മവിശ്വാസം തെളിയിക്കുന്നതാണ് മിതാലിയുടെ വാക്കുകള്‍. 

സെമിയില്‍ ഓസ്ട്രേലിയയെ തകര്‍ത്തതിന്‍റെ ആവേശത്തിലാണ് ഇന്ത്യന്‍ വനിതാ ടീം. 2005ല്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട സാഹചര്യമല്ല നിലവിലേതെന്നും മിതാലി പറഞ്ഞു. അന്ന് ലോകകപ്പിനു മുമ്പ് തങ്ങള്‍ക്ക് വേണ്ടത്ര പരിശീലന മത്സരങ്ങളോ സൗകര്യങ്ങളോ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ടീമിന്‍റ വളര്‍ച്ച അടുത്തറിഞ്ഞ മിതാലി പറയുന്നു. 2005 ലോകകപ്പിലും മിതാലി തന്നെയായിരുന്നു ഇന്ത്യയെ നയിച്ചത്.

താരങ്ങളെല്ലാം മികച്ച ഫോമിലും വലിയ പ്രതീക്ഷയിലുമാണ്. ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്സില്‍ മിക്ക യുവതാരങ്ങളും ആദ്യമായാണ് കളിക്കുന്നത്. എന്നാല്‍ താനടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ അവരെ ഉത്തേജിപ്പിക്കുമെന്നും മിതാലി പറഞ്ഞു. തന്‍റെ സാമീപ്യം താരങ്ങളെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുമെന്നും മിതാലി വ്യക്തമാക്കി.