മോസ്കോ: ലോക കായിക രംഗത്ത് വീണ്ടും ഉത്തേജക വിവാദം. ടെന്നിസ് ഇതിഹാസം റാഫേൽ നദാലും ഒളിംപിക് ചാമ്പ്യൻ മോ ഫറയുമടക്കമുള്ള കായിക താരങ്ങൾ ഉത്തേജകമരുന്നുപയോഗിച്ചെന്ന് വെളിപ്പെടുത്തി റഷ്യൻ ഹാക്കർമാർ പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ടു. ചികിത്സയുടെ ഭാഗമായി നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകൾ ഇവർ ഉപയോഗിച്ചെന്നാണ് ആരോപണം.
എന്നാൽ താരങ്ങൾ നിയമ വിരുദ്ധമായി ഒന്നും ചെയ്തെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. മോ ഫറാ, നദാൽ എന്നിവരെ കൂടാതെ ഹെലൻ ഗ്ലോവർ, ജസ്റ്റിൻ റോസ് എന്നിവരടക്കം 26 പേരുടെ വിവരങ്ങളാണ് ഫാൻസി ബിയേർസ് എന്ന പേരിൽ ഹാക്കർമാർ പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ടെന്നിസ് താരങ്ങളായ സെറീന വില്ല്യംസ്,സിമോണ ഹാലെപ്പ് എന്നിവരുടെ പരിശോധനാ റിപ്പോർട്ടും ഹാക്കർമാർ ചോർത്തി പുറത്തു വിട്ടിരുന്നു. എന്നാൽ ഒളിംപിക്സിൽ നിന്ന് റഷ്യയെ വിലക്കിയ നടപടിക്കെതിരായ നീക്കമാണിതെന്നാണ് ലോക ഉത്തേജക വിരുദ്ധ ഏജൻസി വാഡയുടെ വിലയിരുത്തൽ.
