ദില്ലി: പ്രധാനമന്ത്രിയുടെ മൻ കി ബാത് പരിപാടിയിൽ വിദ്യാർഥികൾക്കുള്ള ഉപദേശങ്ങൾക്കിടെ തന്നെ ഉദാഹരണമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു നന്ദി പറഞ്ഞ് സച്ചിൻ തെൻഡുൽക്കർ. ട്വിറ്ററിലൂടെയാണു സച്ചിൻ നന്ദി പറഞ്ഞത്. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കുള്ള ഉപദേശങ്ങളായിരുന്നു ഇന്നലത്തെ മൻ കി ബാത് പരിപാടയിലെ മുഖ്യ വിഷയം. ഏതു കർമവീഥിയിലും വിജയത്തിനായി അവരവരോടു തന്നെയാണു മത്സരിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന് സച്ചിനെയാണു പ്രധാനമന്ത്രി ഉദാഹരണമായി കാണിച്ചത്.
തന്നോടുതന്നെ മത്സരിക്കാൻ തീരുമാനിച്ച സച്ചിന് കർമപഥത്തിൽ എത്ര മഹത്തരമായ യാത്രയാണു സാധ്യമായതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റുള്ളവരോടു മത്സരിക്കുന്നവരിൽ അസൂയയും നിരാശയുമൊക്കെ നിറയുമെന്നും തന്നോടുതന്നെ മത്സരിക്കുന്നവർ ദൃഢനിശ്ചയത്തോടെ മുന്നേറുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു
