ദില്ലി: മലയാളി താരം മുഹമ്മദ് അനസിന് റിയോ ഒളിമ്പിക്‌സിലെ 400 മീറ്റര്‍ ഓട്ടത്തിന് യോഗ്യത നേടി. പോളണ്ടില്‍ നടക്കുന്ന പോളിഷ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലെ യോഗ്യതാ മത്സരത്തില്‍ 45.40 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ദേശീയ റെക്കോര്‍ഡോടെ അനസ് റിയോ ബര്‍ത്ത് സ്വന്തമാക്കിയത്.
400 മീറ്ററില്‍ വെള്ളിയാഴ്ച കുറിച്ച തന്റെ തന്നെപേരിലുള്ള ദേശീയ റെക്കോര്‍ഡായ 45.44 സെക്കന്‍ഡാണ് 21കാരനായ അനസ് മെച്ചപ്പെടുത്തിയത്. ഇന്ത്യയുടെ രാജീവ് ആരോക്യ 45.60 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാമത്തെത്തി. 400 മീറ്ററില്‍ ആരോക്യയുടെ പേരിലുളള റെക്കോര്‍ഡായിരുന്നു(45.47) അനസ് വെള്ളിയാഴ്ച തിരുത്തിയെഴുതിയത്.
കൊല്ലം സ്വദേശിയായ അനസ് റിയോ ഗെയിംസിന് യോഗ്യത നേടുന്ന അഞ്ചാമത്തെ മലയാളിയാണ്. ടിന്റു ലൂക്ക, ഓ.പി.ജെയ്ഷ,കെ. ടി.ഇര്‍ഫാന്‍, ടി.ഗോപി എന്നിവരാണ് യോഗ്യത നേടിയ മറ്റ് മലയാളി താരങ്ങള്‍.
മധ്യപ്രദേശ് അത്‍ലറ്റ് അങ്കിത് ശര്‍മ്മയും ഒളിംപിക് യോഗ്യത നേടി. ട്രാക്ക് ആന്‍ഡ് ഫീല്‍ ഇനത്തില്‍ 21 ഇന്ത്യന്‍ താരങ്ങളാണ് ഇതുവരെ ഒളിമ്പിക്സ് യോഗ്യത നേടിയിരിക്കുന്നത്. ആകെ 101 ഇന്ത്യന്‍ താരങ്ങള്‍ ഗെയിംസ് യോഗ്യത നേടിയിട്ടുണ്ട്.
