പാക് താരം മുഹമ്മദ് ഹഫീസ് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അബുദാബിയില്‍ ന്യൂസീലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരമാകും ഹഫീസിന്‍റെ അവസാന ടെസ്റ്റ്...

അബുദാബി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. അബുദാബിയില്‍ ന്യൂസീലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരമാകും ഹഫീസിന്‍റെ അവസാന ടെസ്റ്റ്. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് താരം പുറത്തായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്‌ടോബറിലാണ് താരം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയത്.

2019 ലോകകപ്പ് ലക്ഷ്യമിട്ട് ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് താരത്തിന്‍റെ തീരുമാനം. വിരമിക്കല്‍ തീരുമാനം സ്വയമെടുത്തതാണെന്നും ടീം മാനേജ്മെന്‍റിനെയും സഹതാരങ്ങളെ ഇക്കാര്യം അറിയിച്ചെന്നും മുപ്പത്തിയെട്ടുകാരനായ ഹഫീസ് പറഞ്ഞു. കരിയറില്‍ സഹായിച്ച എല്ലാവര്‍ക്കും പാക് താരം നന്ദി രേഖപ്പെടുത്തി. 

Scroll to load tweet…

കറാച്ചിയില്‍ 2003ല്‍ ബംഗ്ലാദേശിനെതിരെയാണ് ഹഫീസ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 55 മത്സരങ്ങളില്‍ 38.29 ശരാശരിയില്‍ 3,638 റണ്‍സാണ് ഹഫീസിന്‍റെ സമ്പാദ്യം. പത്ത് സെ‌ഞ്ചുറികളും 12 അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 224 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 53 വിക്കറ്റും വീഴ്‌ത്താനായി.