കൈഫിനെ സഹപരിശീലകനായി നിയമിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. റിക്കി പോണ്ടിംഗിനും ജെയിംസ് ഹോപ്‌സിനുമൊപ്പമാണ് കൈഫിന്‍റെ ദൗത്യം...
ദില്ലി: മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനെ സഹപരിശീലകനായി നിയമിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. റിക്കി പോണ്ടിംഗിനും ജെയിംസ് ഹോപ്‌സിനുമൊപ്പമാണ് കൈഫിന്‍റെ ദൗത്യം. 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സില്‍ ബ്രാഡ് ഹോഡ്‌ജിനൊപ്പം സഹ പരിശീലകനായിരുന്നു കൈഫ്.
ഡെയര്‍ഡെവിള്‍സിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്നും ഫ്രാഞ്ചൈസിയുടെയും രാജ്യത്തിന്‍റെയും അഭിമാനമുയര്‍ത്താന്‍ ശേഷിയുള്ള ഒരൂ കൂട്ടം താരങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകുമെന്നും കൈഫ് പ്രതികരിച്ചു. ടീം മാനേജ്മെന്‍റിന്‍റെ പിന്തുണയോടെ യുവതാരങ്ങളെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്‍ താരം പറഞ്ഞു.
മുപ്പത്തിയേഴുകാരനായ കൈഫ് ഈ വര്‍ഷമാണ് വിരമിച്ചത്. രണ്ട് പതിറ്റാണ്ടുകാലം ആഭ്യന്ത ക്രിക്കറ്റില്‍ സജീവമായിരുന്ന താരം 186 മത്സരങ്ങളില്‍ 10,229 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇന്ത്യക്കായി 125 ഏകദിനങ്ങളും 13 ടെസ്റ്റുകളും കളിച്ചു. 2002ലെ നാറ്റ്‌വെസ്റ്റ് സീരിസില്‍ ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പിയാണ് കൈഫ്.
