ജൊഹന്നാസ്‍ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ആശ്വാസജയം.ഒന്നര ദിവസത്തെ കളി ബാക്കിനിൽക്കെ 63 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 241 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 177 റൺസിന് എറിഞ്ഞിട്ടാണ് കോഹ്‍ലിപ്പട വിജയം പിടിച്ചെടുത്തത്. മൂന്നാം ടെസ്റ്റ് തോറ്റെങ്കിലും ആദ്യ രണ്ടു ടെസ്റ്റുകൾ വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. അഞ്ചു വിക്കറ്റ് നേട്ടവുമായി മുന്നിൽനിന്ന് പടനയിച്ച മുഹമ്മദ് ഷാമിയാണ് ഇന്ത്യയുടെ വിജയശിൽപി. സ്കോർ: ഇന്ത്യ – 187 & 247, ദക്ഷിണാഫ്രിക്ക – 194 & 177.

28 മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്. ഒരു വിക്കറ്റിന് 124 എന്ന നിലയില്‍ നിന്ന് കൂട്ടത്തകര്‍ച്ചയിലേക്ക് ദക്ഷിണാഫ്രിക്ക എത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായത് ഓപ്പണര്‍ ഡീന്‍ എല്‍ഗറിന് മാത്രമാണ്. എല്‍ഗര്‍ പുറത്താകാതെ 86 റണ്‍സ് നേടി. 

ആദ്യ ഇന്നിങ്സില്‍ 187-ന് പുറത്തായ ഇന്ത്യ 200 കടക്കാന്‍ ദക്ഷിണാഫ്രിക്കയേയും അനുവദിച്ചില്ല. ജസ്പ്രീത് ബുംറയുടെ ബോളിങ് കരുത്തില്‍ ദക്ഷിണാഫ്രിക്കയെ 194ല്‍ പിടിച്ചു കെട്ടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 61 റണ്ണെടുത്ത ഹാഷിം അംലയ്ക്ക് മാത്രമാണ് കാര്യമായി പിടിച്ചു നില്‍ക്കാനായത്. ഭുവനേശ്വ കുമാര്‍ മൂന്നും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ഒന്നും വീതം വിക്കറ്റുകളും നേടി.

രണ്ടാം ഇന്നിങ്സില്‍ രഹാനെ, കോലി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഫിലാന്‍ഡര്‍, രബാഡ,മോണി മോര്‍ക്കല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.