മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് പേസര്‍ മുഹമ്മദ് ഷമി. വേഗവും ബൗണ്ടസും നിറഞ്ഞ പിച്ചില്‍ ഷമിക്ക് തിളങ്ങാനാകും എന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കയെ എറിഞ്ഞിടുക ഷമിയാകുമെന്നാണ് മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദിന്‍റെ വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യയെ തളയ്ക്കും എന്ന പ്രഖ്യാപനവുമായി പ്രോട്ടീസ് പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌‌ന്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യക്കെതിരെ വാക് പോരുമായെത്തിയ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌‌ന് തക്ക മറുപടിയാണ് ഷമി നല്‍കിയത്. ദക്ഷിണാഫ്രിക്കയെ ഭയപ്പെടുന്നില്ലെന്നും കീഴടക്കാന്‍ തന്നെയാണ് പദ്ധതിയെന്നും ഷമി വ്യക്തമാക്കി. അടുത്ത ടീം മീറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പദ്ധതികള്‍ തയ്യാറാക്കും. മത്സരം വിജയിക്കുന്നതിലാണ് ശ്രദ്ധയെന്നും മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കാറില്ലെന്നും ഷമി പറഞ്ഞു. 

ആര്‍ക്കും എന്ത് വേണെങ്കിലും പറയാനോ എഴുതാനോ കഴിയും. എന്നാല്‍ അവര്‍ക്ക് കളിയിലൂടെ അതിന് മറുപടി നല്‍കാനാണ് തീരുമാനം. എതിരാളികള്‍ക്കെതിരെ തിരിച്ചടിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇന്ത്യന്‍ പേസര്‍ പറഞ്ഞു. കുറച്ച് വര്‍ഷങ്ങളായി ഭയപ്പെടാതെയാണ് ക്രിക്കറ്റ് കളിക്കുന്നതെന്നും ഷമി അഭിപ്രായപ്പെട്ടു. 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 95 വിക്കറ്റുകള്‍ ഷമി വീഴ്ത്തിയിട്ടുണ്ട്.