വിജയനും അഞ്ചേരിക്കും പുറമെ സൂപ്പര്‍ താരങ്ങളായ ബെെച്ചുംഗ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നിവരും ബഗാന്‍റെ സാധ്യത ടീമില്‍ ഇടം നേടിയിട്ടുണ്ട്

കൊല്‍ക്കത്ത: ഇന്ത്യയിലെ കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ കൊല്‍ക്കത്തയില്‍ രാജ്യം കാത്തിരിക്കുന്ന പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തിളങ്ങുന്ന പേരായ മോഹന്‍ ബഗാന്‍റെയും സ്പാനിഷ് ലീഗില്‍ കറ്റാലന്‍ സൗന്ദര്യം കൊണ്ട് വസന്തം തീര്‍ത്ത ബാഴ്സലോണയുടെയും ഇതിഹാസ താരങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റുമുട്ടും.

ക്ലാസ് ഓഫ് ലെജന്‍സ് മത്സരത്തിലെ സാധ്യത ടീമിനെ ബഗാന്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനും അഭിമാനിക്കാനും കാത്തിരിക്കാനും കാരണങ്ങളുണ്ട്. മലയാളികളുടെ കറുത്തമുത്ത് ഐ.എം. വിജയനും ജോ പോള്‍ അഞ്ചേരിയും കൊല്‍ക്കത്ത ക്ലബ്ബിന്‍റെ സാധ്യത ടീമില്‍ ഇടം നേടിയിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് വിവേകാനന്ദ യുവഭാരതി ക്രികാരംഗന്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുക.

വിജയനും അഞ്ചേരിക്കും പുറമെ സൂപ്പര്‍ താരങ്ങളായ ബെെച്ചുംഗ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നിവരും ബഗാന്‍റെ സാധ്യത ടീമില്‍ ഇടം നേടിയിട്ടുണ്ട്. 51 അംഗ ടീമില്‍ നിന്ന് 30 പേരെയാണ് അവസാന സംഘത്തിലേക്ക് തെരഞ്ഞെടുക്കുക. ബാഴ്സയുടെ ഇതിഹാസ ടീമില്‍ കളിക്കുന്നവരെപ്പറ്റി ഇതുവരെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എങ്കിലും എറിക് അബിദാല്‍, എഡ്ഗാര്‍ ഡേവിസ്, എഡ്മില്‍സണ്‍, തുടങ്ങിവര്‍ കളിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.