കൊല്ലം: ചിലരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് അഞ്ജുബോബി ജോര്‍ജ്ജിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കിയതെന്ന് കൗണ്‍സില്‍ അംഗം ഡോ. രാമഭഭ്രന്‍. അനധികൃത നിയമനങ്ങള്‍ നടത്താന്‍ ഉള്‍പ്പടെ അഞ്ജുവിനെ മറയാക്കി. അഞ്ജുവിന്റെ നിയമനത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിഭാഗവും എതിര്‍ത്തിരുന്നെന്നും രാമഭദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാലാവധി തീരാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പദ്മിനി തോമസിനെ മാറ്റിയത് യുഡിഎഫ് സര്‍ക്കാരിന്റെ ചില താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണെന്ന് രാമഭദ്രന്‍ പറഞ്ഞു. സെക്രട്ടറിയായിരുന്ന ബിനുജോര്‍ജ്ജ് വര്‍ഗീസാണ് പദ്മിനിയെ മാറ്റി അഞ്ജുവിനെ കൊണ്ട് വരാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് പറഞ്ഞത്.

അഞ്ജുവിന്റെ സഹോദരന്റെ ഉള്‍പ്പടെയുള്ള നിയമനങ്ങളെ പദ്മിനി തോമസ് പരിഗണിച്ചില്ല. അഞ്ജുവിന്റെ നിയമനത്തെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗങ്ങളായ 75 ശതമാനം പേരും എതിര്‍ത്തു. മുഴുവന്‍ സമയ സേവനം ലഭ്യമാവേണ്ട പദവിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. ബാംഗ്ലൂരില്‍ സ്ഥിരതാമസമായ അഞ്ജുവിന് പകരം വയ്ക്കാവുന്ന താരങ്ങള്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നും രാമഭദ്രന്‍.