ദുബായ്: കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സെന്ന നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 2017 അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിനില്‍ക്കേ കോലിയും ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുമാണ് റണ്‍വേട്ടയില്‍ മുന്നില്‍. മൂന്ന് ഫോര്‍മാറ്റിലുമായി 39 മത്സരങ്ങളില്‍ നിന്ന് 1,991 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം. അതേസമയം ആറ് റണ്‍സ് മാത്രം പിന്നിലായാണ് അംലയുടെ ജൈത്രയാത്ര.

33 മത്സരങ്ങളില്‍ 50.89 ശരാശരിയില്‍ 1,985 റണ്‍സ് അംല നേടിയിട്ടുണ്ട്. 30 മത്സരങ്ങളില്‍ നിന്ന് 63.96 ശരാശരിയില്‍ 1,855 റണ്‍സുമായി ഇംഗ്ലണ്ട് താരം ജോ റൂട്ടും മത്സരരംഗത്തുണ്ട്. 33 മത്സരങ്ങളില്‍ 1,709റണ്‍സുമായി ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസാണ് നാലാമത്. 2016ല്‍ 2,595 റണ്‍സുമായാണ് കോലി റണ്‍വേട്ടയില്‍ ഒന്നാമതെത്തിയത്. ആദ്യ പത്തില്‍ കോലിയൊഴികെ മറ്റ് ഇന്ത്യക്കാര്‍ ആരുമില്ല.