കൊളംബോ: തന്‍റെ 300-ാം ഏകദിനത്തില്‍ തകര്‍ത്താടി മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. 42 പന്തില്‍ 5 ഫോറും ഒരു കൂറ്റന്‍ സിക്സും സഹിതം പുറത്താകാതെ 49 റണ്‍സെടുത്തു 36കാരനായ ധോണി. കൂടാതെ മൂന്ന് ക്യാച്ചുകളും മല്‍സരത്തില്‍ ധോണി നേടി. 300 ഏകദിനങ്ങളില്‍ നിന്ന് 52.20 ശരാശരിയില്‍ 9657 റണ്‍സാണ് മുന്‍ നായകന്‍റെ സമ്പാദ്യം. 101 സെഞ്ചുറികളും 65 അര്‍ദ്ധ സെഞ്ചുറിയും ധോണിയുടെ പേരിലുണ്ട്. 

ഏകദിനത്തിലെ ധോണിയുടെ ഉയര്‍ന്ന സ്കോര്‍ 183. ഏകദിനത്തില്‍ വിക്കറ്റിനു പിന്നില്‍ 378 പേരെയാണ് ധോണി പുറത്താക്കിയത്. 279 ക്യാച്ചുകളും 99 സ്റ്റംപിങും ഇതിലുള്‍പ്പെടുന്നു. ഹര്‍ദിക് പാണ്ഡ്യയുടെയും ലോകേഷ് രാഹുലിന്‍റെയും വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും ധോണിയും അര്‍ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ 350 കടത്തിയത്.