ഐപിഎല്ലിലേക്ക് ചെന്നൈ സൂപ്പര്‍കിങ്സ് തിരിച്ചുവരുന്നു. രണ്ടുതവണ ഐപിഎല്‍ ജേതാക്കളായിട്ടുള്ള ചെന്നൈ സൂപ്പര്‍കിങ്സിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ടീം നായകന്‍ ആയിരുന്ന മഹേന്ദ്രസിങ് ധോണി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ധോണി സിഎസ്‌കെയുടെ വരവ് അറിയിക്കുന്നത്. ചെന്നൈ സൂപ്പര്‍കിങ്സിന്റെ ജഴ്‌സി ധരിച്ച ചിത്രമാണ് ധോണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നായകന്‍ എന്ന് അര്‍ത്ഥം വരുന്ന തല എന്ന തമിഴ് വാക്കും ധോണിയുടെ ജഴ്‌സിയിലുണ്ട്. ഐപിഎല്ലിലെ വിവാദങ്ങളെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമാണ് അടുത്ത സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍കിങ്സും രാജസ്ഥാന്‍ റോയല്‍സും കളത്തിലിറങ്ങുന്നത്. ധോണിയുടെ ട്വീറ്റ് നിമിഷങ്ങള്‍ക്കകം നിരവധി ആരാധകര്‍ റീട്വീറ്റ് ചെയ്തു. ഐപിഎല്ലില്‍ ഏറെ തിളക്കത്തോടെ നിന്ന ടീം ആയിരുന്നു ചെന്നൈ സൂപ്പര്‍കിങ്സ്. ധോണിയുടെ നേതൃത്വത്തില്‍ 2010, 2011 വര്‍ഷങ്ങളില്‍ ജേതാക്കളായി സിഎസ്‌കെ, 2008, 2012, 2013, 2015 വര്‍ഷങ്ങളില്‍ റണ്ണേഴ്‌സ് അപ്പാകുകയും ചെയ്തു. ഐപിഎല്ലിലെ സ്‌പോട്ട് ഫിക്സിങ് വിവാദങ്ങളെതുടര്‍ന്ന് 2015ലാണ് ചെന്നൈ സൂപ്പര്‍കിങ്സിനെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയത്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍ എം ലോധ കമ്മിറ്റിയാണ് സിഎസ്‌കെയെ വിലക്കിയത്.

on