കൊളംബൊ: മുന്നൂറാമത്തെ ഏകദിന മല്‍സരം കളിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്ക് ലോക റെക്കോര്‍ഡ്. ഏകദിനത്തില്‍ ഏറ്റവുമധികം തവണ നോട്ടൗട്ട് നേട്ടം കൈവരിച്ച റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്. 73 തവണയാണ് ധോണി ഏകദിനത്തില്‍ നോട്ടൗട്ടായത്. ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്ക്, ലങ്കന്‍ താരം ചാമിന്ദ വാസ് എന്നിവരുമായി ഈ റെക്കോര്‍ഡ് പങ്കുവെയ്‌ക്കുകയായിരുന്നു ധോണി ഇതുവരെ. ഇന്നത്തെ മല്‍സരത്തില്‍ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നതോടെ നോട്ടൗട്ട് റെക്കോര്‍ഡ് ധോണി സ്വന്തം പേരിലാക്കിയത്. മുന്നൂറാമത്തെ ഏകദിനം കളിക്കുന്ന ധോണി, ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഇരുപതാമത്തെയും ഇന്ത്യയിലെ ആറാമത്തെയും താരമാണ്.