മുംബൈ: തന്റെ സ്വപ്ന ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തണമെന്ന് സച്ചിന്‍. ഇന്ത്യ ക്രിക്കറ്റിലും ആരും പറയുന്ന സ്വാഭാവികമായ കാര്യമെന്ന് കരുതാന്‍ വരട്ടെ. സംഗതി ക്രിക്കറ്റിലല്ല. കബഡിയിലാണ്. പ്രോ കബഡി ലീഗുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കവെ ആണ് തന്റെ സ്വപ്ന കബഡി ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തുന്ന കാര്യം സച്ചിന്‍ പറഞ്ഞത്. തന്റെ സ്വപ്ന ടീമില്‍ ഒരു ഡിഫന്‍ഡറെ വേണമെങ്കില്‍ താന്‍ ആദ്യം തെരഞ്ഞെടുക്കുക ധോണിയെ ആണെന്ന് സച്ചിന്‍ പറഞ്ഞു. അതിനു കാരണം തന്റെ നേര്‍ക്ക് വരുന്നതൊന്നും ധോണി വിട്ടുകളയാറില്ലെന്നതാണെന്നും സച്ചിന്‍ വ്യക്തമാക്കി.
കബഡി ടീമിലെ റെയ്ഡര്‍ സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുക എന്ന ചോദ്യത്തിന് സച്ചിന്‍ നല്‍കിയ മറുപടിയും രസകരമായിരുന്നു. ഏറെനേരം ശ്വാസം പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ആളായിരിക്കണം റെയ്ഡര്‍. അങ്ങനെ നോക്കുമ്പോള്‍ ശങ്കര്‍ മഹാദേവനെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം ഇപ്പോള്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലായതിനാല്‍ അവധിക്കാലം ആഘോഷിക്കുകയാണ് ധോണി. തന്റെ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ് സ്റ്റോറായ 'സെവന്‍' അടുത്തിടെ ധോണി റാഞ്ചിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു.
