ടി20ക്ക് പിന്നാലെ ഏകദിന ടീമില്‍ നിന്നും ധോണി പുറത്തേക്കെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കോലി. ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ പ്രധാന ഘടകമാണ് എന്നാണ് കോലി പറയുന്നത്. തന്‍റെയും രോഹിത് ശര്‍മ്മയുടെയും സമ്മതത്തോടെയാണ് ധോണിയെ ടി20 ടീമില്‍ നിന്ന്...

തിരുവനന്തപുരം: മുന്‍ നായകന്‍ എംഎസ് ധോണിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയതിനോട് പ്രതികരിച്ച് നായകന്‍ വിരാട് കോലി. ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമാണെന്നും ടി20യില്‍ റിഷഭ് പന്തിനെ പോലുള്ള താരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുകയായിരുന്നുവെന്നും കോലി പറഞ്ഞു. ഇന്ത്യ- വിന്‍ഡീസ് അഞ്ചാം ഏകദിനം വിജയിച്ച് പരമ്പര സ്വന്തമാക്കിയ ശേഷം മാധ്യമങ്ങളോടായിരുന്നു കോലിയുടെ പ്രതികരണം. 

തന്‍റെയും രോഹിത് ശര്‍മ്മയുടെയും സമ്മതത്തോടെയാണ് ടി20 ടീമില്‍ നിന്ന് ധോണിയെ പുറത്താക്കിയത് എന്ന വാര്‍ത്തകള്‍ കോലി നിഷേധിച്ചു. ധോണിയെ മാറ്റിനിര്‍ത്തിയതിനെ കുറിച്ച് സെലക്‌ടര്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ തീരുമാനമെടുക്കും മുന്‍പ് ധോണിയുമായി ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളില്‍ താന്‍ പങ്കാളിയല്ലെന്നും കോലി വ്യക്തമാക്കി. രണ്ടാം വിക്കറ്റ് കീപ്പറെ കണ്ടെത്താനാണ് ധോണിയെ മാറ്റിനിര്‍ത്തുന്നതെന്ന് നേരത്തെ മുഖ്യ സെലക്‌ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. 

മോശം ഫോമിനെ തുടര്‍ന്ന് ടി20ക്ക് പിന്നാലെ ഏകദിന ടീമില്‍നിന്നും ധോണി പുറത്താക്കപ്പെടും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോലിയുടെ പ്രതികരണം. ധോണി 2019 ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫോമില്ലായ്‌മ അലട്ടുന്ന ധോണി വിന്‍ഡീസിനെതിരായ പരമ്പരയിലും ബാറ്റിംഗില്‍ പരാജയമായിരുന്നു.