റാഞ്ചി: സയിദ് മിഷ്താഖ് അലി ട്രോഫിയില്‍ കളിക്കേണ്ടെന്ന തീരുമാനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ടൂര്‍ണമെന്‍റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി ധോണി അറിയിച്ചതായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദെബാശിഷ് ചക്രബര്‍ത്തി വ്യക്തമാക്കി. കുടംബത്തോടൊപ്പം അവധിക്കാലം ചിലവിടുന്ന ധോണി റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ പതിവായി പരിശീലനത്തിനെത്താറുണ്ട്. അതിനാല്‍ ധോണി മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുമെന്നായിരുന്നു പ്രതീക്ഷ.
ധോണി ഇല്ലാത്തതിനാല്‍ പകരം ആരെ ടീമില്‍ ഉള്‍പ്പെടുത്തും എന്ന സംശയത്തിലാണ് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍. ജനുവരി എഴ് മുതല്‍ 27വരെയാണ് മുഷ്താക് അലി ട്രോഫി നടക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ട്വന്‍റി20 പരമ്പരയ്ക്കായി ഒരുങ്ങാനാണ് ധോണിയുടെ പിന്‍മാറ്റം എന്നാണ് സൂചന. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ ബാറ്റ്സ്മാനാണ് എംഎസ് ധോണി. ധോണിയുടെ പിന്‍മാറ്റം ടൂര്‍ണമെന്‍റില്‍ ജാര്‍ഖണ്ഡിന്‍റെ പ്രകടനത്തെ ബാധിച്ചേക്കും.
