ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ധോണി പറഞ്ഞത് താന്‍ പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞാണെന്നായിരുന്നു. എന്നാല്‍ നാലാം ഏകദിനത്തില്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാന്‍ കഴിയാഞ്ഞതോടെ ധോണിയെ ആരധകരില്‍ പലരും പുളിച്ചുപോയ വീഞ്ഞെന്ന് കളിയാക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത് എന്തായാലും നാലാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടും ധോണി നാണക്കേടിന്റെ റെക്കോര്‍ഡാണ് സ്വന്തം പേരിലെഴുതിയത്.
2001നുശേഷം ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ധോണിയുടെ പേരിലായത്. 108പന്തിലാണ് വിന്‍ഡീസിനെതിരെ ധോണി അര്‍ധ സെഞ്ചുറി തികച്ചത്. 2005ല്‍ ശ്രീലങ്കയ്ക്കെതിരെ 105 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് ധോണി മെല്ലെപ്പോക്കിലൂടെ മറികടന്നത്.
കരിയറിലെ തന്നെ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റിലാണ് ധോണി ഇന്നലെ അര്‍ധസെഞ്ചുറി നേടിയത്. 47.36 മാത്രമാണ് ഇന്നലെ ധോണിയുടെ സ്ട്രൈക്ക് റേറ്റ്. 25 റണ്‍സെങ്കിലും എടുത്തിട്ടുള്ള ഇന്നിംഗ്സുകളില്‍ ധോണിയുടെ ഏറ്റവും മോശമായ സ്ട്രൈക്ക് റേറ്റാണിത്. 2010ല്‍ ന്യൂസിലന്‍ഡിനെതിരെ 50.66 സ്ട്രൈക്ക് റേറ്റില്‍ 75 പന്തില്‍ 38 റണ്‍സടിച്ചതായിരുന്നു ഇതിനുമുമ്പത്തെ മോശം സ്ട്രൈക്ക് റേറ്റ്.
2006നുശേഷം ഇതാദ്യമായാണ് ഇന്ത്യ 200 റണ്‍സിന് താഴെയുള്ള വിജയലക്ഷ്യം പിന്തുടരുന്നതില്‍ പരാജയപ്പെടുന്നത്. 2006ല്‍ പരാജയപ്പെടതും വിന്‍ഡീസിനോടായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ അജിങ്ക്യാ രഹാനെ സച്ചിനും സെവാഗിനുംശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഇതിനുപുറമെ അഞ്ച് മത്സര പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടുന്ന അഞ്ചാമത്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും രഹാനെയ്ക്ക് സ്വന്തമായി.
