ദില്ലി: പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്‌പിന്‍ ചുഴലിക്കാറ്റാണ് യശ്വേന്ദ്ര ചഹല്‍. കുല്‍ദീപ് യാദവുമൊത്ത് ചഹല്‍ കാട്ടുന്ന വിക്കറ്റ്‌ വേട്ട അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കേണ്ടെന്ന തിരുമാനത്തിലാണ് ചഹല്‍. നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതോടെ ആഭ്യന്തര ട്വന്‍റി20 ലീഗിന്‍റെ താരപ്പൊലിമ കുറയുമെന്നാണ് സൂചന.

ബിസിസിഐയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചഹല്‍ പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ട്. മികച്ച ഫോമിലുള്ള യുവതാരങ്ങള്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നത് ക്ഷീണമുണ്ടാക്കും. അതിനാല്‍ താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്ന കാര്യം ബിസിസിഐയുടെ ആലോചനയിലാണ്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ട്വന്‍റി20 പരമ്പരയ്ക്കായി ഒരുങ്ങാനാണ് ധോണിയുടെ പിന്‍മാറ്റം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന ടീമിലുള്ള ശ്രേയസ് അയ്യരും കേദാര്‍ ജാദവും മുഷ്താഖ് അലി ട്രോഫിയില്‍ ഇക്കുറി കളിക്കില്ല.