ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

മുംബൈ: ഇന്ത്യ കണ്ട മികച്ച താരങ്ങളിലൊരാളും നായകനുമാണ് എംഎസ് ധോണി. ഏകദിന ക്രിക്കറ്റില്‍ ലോകത്തെ മികച്ച താരങ്ങളിലൊരാള്‍ എന്ന് പേരെടുത്ത ധോണി അടുത്തിടെ മികച്ച ഫോമിലല്ല. പരിമിത ഓവര്‍ ക്രിക്കറ്റില്‍ തുടര്‍പരാജയങ്ങളെ തുടര്‍ന്ന് ധോണിക്ക് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ വിമര്‍ശകര്‍ക്ക് ധോണി ബാറ്റിലൂടെ മറുപടി നല്‍കി. 

ഫോമില്‍ തിരിച്ചെത്തിയ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ധോണിയുടെ പരിചയസമ്പത്താണ് ടീമിന്‍റെ മുതല്‍ക്കൂട്ടെന്ന് ശാസ്ത്രി പറയുന്നു. പരിചയസമ്പത്തിന് പകരംവെക്കാന്‍ മറ്റൊന്നില്ല. അത് മാര്‍ക്കറ്റില്‍ വാങ്ങാനോ വിറ്റഴിക്കാനോ സാധിക്കില്ല. ഡെത്ത് ഓവറുകളില്‍ ധോണിയേക്കാള്‍ മികവ് കാട്ടുന്ന താരങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ വിരളമാണ്. 

കായികക്ഷതമ നിലനിര്‍ത്തുന്നതില്‍ വളരെയേരെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ധോണി. ഏകദിനത്തിലെ ഇതിഹാസങ്ങളിലൊരാള്‍ എന്ന വിശേഷണത്തോടെയാകും ധോണി ക്രിക്കറ്റിനോട് വിടപറയുകയെന്നും ഇന്ത്യന്‍‍‍‍‍ പരിശീലകന്‍ പറയുന്നു. ഫോമിന്‍റേയും പ്രായത്തിന്‍റേയും പേരില്‍ ധോണി വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴൊക്കെ പിന്തുണച്ച് രംഗത്തെത്തിയ ആളാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ രവി ശാസ്ത്രി.