രാജ്കോട്ട്: അരങ്ങേറ്റ മത്സരത്തില്‍ വികാരഭരിതനായി 23കാരനായ പേസര്‍ മുഹമ്മദ് സിറാജ്. ടീം പരിശീലകന്‍ രവി ശാസ്ത്രിയില്‍ നിന്ന് തൊപ്പി കൈപ്പറ്റിയ താരം നിറകണ്ണുകളോടെയാണ് ദേശീയഗാനത്തെ വരവേറ്റത്. രാജ്കോട്ടില്‍ ന്യൂസീലന്‍ഡിനെതിരായ ട്വന്‍റി20 മത്സരത്തിലാണ് ഹൈദരാബാദ് സ്വദേശിയായ സിറാജ് കന്നി അന്താരാഷ്ട്ര മത്സരം കളിച്ചത്. 

സഹതാരങ്ങള്‍ ഹര്‍ഷാരവങ്ങളേടെ സിറാജിനെ ഇന്ത്യന്‍ ടീമിലേക്ക് സ്വഗതം ചെയ്തു. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനം പവലിയനിലേക്ക് മടക്കി സിറാജ് അരങ്ങേറ്റം ഉഷാറാക്കി. ഐപിഎല്ലില്‍ ആറ് മത്സരങ്ങളില്‍ 12 വിക്കറ്റ് നേടിയാണ് സിറാജ് ശ്രദ്ധിക്കപ്പെട്ടത്. ഐപിഎല്ലിന്‍റെ 2017 എഡിഷനില്‍ ലേലത്തില്‍ 2.6 കോടി രൂപയാണ് മുഹമ്മദ് സിറാജിന് ലഭിച്ചത്. 

രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് സിറാജിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. വില്യംസണിന്‍റെ വിക്കറ്റ് എടുക്കാനായെങ്കിലും കോളിന്‍ മണ്‍റോയുടെ വെടിക്കെട്ട് ബാറ്റിംഗില്‍ നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങേണ്ടിവന്നു സിറാജിന്. വിരമിച്ച ആശിഷ് നെഹ്‌റക്ക് പകരക്കാരനായാണ് സിറാജിന്അവസരം ലഭിച്ചത്