നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി മുഹമ്മദ് സിറാജിന്റെ പേരില്‍

First Published 15, Mar 2018, 5:05 PM IST
muhammed siraj unwanted record
Highlights

നാല് ഓവറുകളില്‍ 50 റണ്‍സാണ് സിറാജ് വഴങ്ങിയത്. ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനെതിരെയും റണ്‍ വഴങ്ങിയതോടെ നാണക്കേടിന്റെ റെക്കോര്‍ഡും  യുവതാരത്തെ തേടിയെത്തി.

കൊളംബോ: ഐപിഎല്ലില്‍ തിളങ്ങി ഇന്ത്യന്‍ ടീമില്‍ എത്തിയ താരമാണ് മുഹമ്മദ് സിറാജ്. എന്നാല്‍ ഐപിഎല്ലിലെ പോലെ രാജ്യാന്തര കരിയറില്‍ തിളങ്ങാന്‍ ഇതുവരെ സിറാജിനായിട്ടില്ല. ഒപ്പം റണ്‍സ് വഴങ്ങുന്നതില്‍ ധാരാളി എന്ന ചീത്തപ്പേരും കിട്ടി.

നിദാഹാസ് ട്രോഫിയിലെ ബംഗ്ലാദേശിനെതിരെ നടന്ന നിര്‍ണായക മത്സരം ഇന്ത്യ ജയിച്ചപ്പോഴും സിറാജ് ധാരാളിയായിരുന്നു. നാല് ഓവറുകളില്‍ 50 റണ്‍സാണ് സിറാജ് വഴങ്ങിയത്. ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനെതിരെയും റണ്‍ വഴങ്ങിയതോടെ നാണക്കേടിന്റെ റെക്കോര്‍ഡും  യുവതാരത്തെ തേടിയെത്തി.

അന്താരാഷ്ട്ര ടി-20യില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ താരമായി സിറാജ്. കരിയറിലെ ആദ്യ മൂന്നു ടി20 മത്സരങ്ങളില്‍ നിന്ന് ആകെ 148 റണ്‍സാണ് സിറാജ് വഴങ്ങിയത്. 130 റണ്‍സ് വഴങ്ങിയ ഓസ്‌ട്രേലിയന്‍ താരം ആദം മില്‍നെയായിരുന്നു ഇതുവരെ ഇക്കാര്യത്തില്‍ മുന്നിലുണ്ടായിരുന്നത്. മുഹമ്മദ് അഷ്‌റഫുള്‍ (129), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (128), നഥാന്‍ കോള്‍ട്ടര്‍നൈല്‍ (127), ജോഷ് ഹേസല്‍വുഡ് (125) എന്നിവരാണ് നാണക്കേടിന്റെ ഈ റെക്കോര്‍ഡ് പട്ടികയിലുള്ളത്.

ന്യൂസിലാന്‍ഡിനെതിരെ 2017ല്‍ അരങ്ങേറിയ സിറാജ് ആ മത്സരത്തില്‍ വഴങ്ങിയത് 53 റണ്‍സാണ്. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച രണ്ടാം മത്സരത്തില്‍ 45 റണ്‍സും വഴങ്ങി. മൂന്നു മത്സരങ്ങളിലും താരം ഓരോ വിക്കറ്റുകളും വീഴ്ത്തി.ബംഗ്ലാദേശിനെതിരെ നടന്ന മത്സരം ഇന്ത്യ 17 റണ്‍സിനാണ് വിജയിച്ചത്.

 

loader