മുംബൈ: രണ്ടു ദിവസം ബാറ്റ് ചെയ്തിട്ടും പുറത്താകാതെ നിന്ന നവിമുംബൈക്കാരനായ തനിഷ്‌ക്കിന്‍റെ ബാറ്റില്‍ നിന്നും പറന്നത് 149 ബൗണ്ടറികളും 67 സിക്‌സറുകളും. 14 കാരനായ ഈ പയ്യന്‍ ഒരു പ്രാദേശിക മത്സരത്തില്‍ അടിച്ചുകൂട്ടിയത് 1,045 റണ്‍സ് ആയിരുന്നു. ഇന്ത്യയില്‍ സാധാരണ ഗതിയില്‍ റെക്കോഡുകള്‍ പിറക്കാറുള്ള ജൂനിയര്‍ ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും പുതിയ താരമായിരിക്കുകയാണ് തനിഷ്‌ക്ക്. 

കോപ്പാ ര്‍ഖെയ്‌റനിലെ യശ്‌വന്ത്‌റാവു ചവാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനത്ത് നടന്ന ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനലില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ആയിരുന്നു തനിഷ്‌ക്ക് ഗവാട്ടേ ബാറ്റ് ചെയ്തത്. സംഘാടകരുടെ സ്വന്തം ടീമായ യശ്വന്ത്‌റാവു ചവാന്‍ ടീമിനെതിരേ 60-65 അടി വരുന്ന ലെഗ് സൈഡിലും 50 അടി വരുന്ന ഓഫ് സൈഡിലും തനിഷ്‌ക്കിന്‍റെ അടികൊണ്ട് ബൗളര്‍മാര്‍ പുളഞ്ഞു. 

അതേസമയം അണ്ടര്‍ 14 വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള ടൂര്‍ണമെന്‍റായ നവി മുംബൈ ഷീല്‍ഡിന് വേണ്ടിയുള്ള മത്സരം പക്ഷേ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ വലിയ ക്രിക്കറ്റ് മത്സരത്തില്‍ ഉപയോഗിക്കുന്ന ലതര്‍ബോളായിരുന്നു മത്സരത്തില്‍ ഉപയോഗിച്ചിരുന്നത് എന്നാണ് തനിഷ്ക്കിന്‍റെ പരിശീലകന്‍ മനീഷ് പറയുന്നത്.