ഐപിഎല്‍: ഇന്ന് മുംബൈ- ബാംഗ്ലൂര്‍ മത്സരം

First Published 17, Apr 2018, 4:38 PM IST
mumbai eyeing for first win in ipl
Highlights
  • മൂന്ന് കളിയും കൈവിട്ട നിലവിലെ ചാംപ്യന്മാര്‍ക്ക് ഇനിയൊരു തോൽവികൂടി താങ്ങാനാവില്ല​


മുംബൈ: വിജയവഴിയില്‍ തിരിച്ചെത്താന്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളി.  മൂന്ന് കളിയും കൈവിട്ട നിലവിലെ ചാംപ്യന്മാര്‍ക്ക് ഇനിയൊരു തോൽവികൂടി താങ്ങാനാവില്ല. ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യം ഉണ്ടെങ്കിലും ശുഭകരമല്ല മുംബൈയുടെ കാര്യങ്ങൾ.  റൺ നേടാനാവുന്നത് സൂര്യകുമാർ യാദവിന് മാത്രം. 

രോഹിത് ശർമ്മ, പാണ്ഡ‍്യ സഹോദരൻമാർ, കീറോൻ പൊള്ളാർഡ് എന്നിവർക്ക് ചലനമുണ്ടാക്കാനാവുന്നില്ല. ജസ്പ്രീത് ബുംറ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ബൗളിംഗിലും നിരാശപ്പെടുത്തുന്നു. പാറ്റ് കമ്മിൻസിന് പകരം ടീമിലെത്തിയ ആഡം മിൽനേ ഇന്ന് കളിച്ചേക്കും. ചെന്നൈയെ തോൽപിച്ച ആത്മവിശ്വാസവുമായാണ് വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈയിലെത്തിയിരിക്കുന്നത്. 

ഉമേഷ് യാദവും യുസ്‍വേന്ദ്ര ചാഹലും ആശ്വാസമാണെങ്കിലും ബൗളിംഗ് നിരയുടെ പ്രകടനത്തിൽ കോലി തൃപ്തനല്ല. മക്കല്ലം, ഡിവിലിയേഴ്സ്, കോലി എന്നിവരിൽ ഒരാൾ താളംകണ്ടെത്തിയാൽ മുംബൈ വിയ‍ർക്കും. ഐപിഎല്ലിൽ ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയത് 21 കളിയിൽ. 13ൽ മുംബൈയും എട്ടിൽ ബാംഗ്ലൂരും ജയിച്ചു. 

loader