ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനലില്‍ ഗുജറാത്തിനെതിരെ മുംബൈ തിരിച്ചുവരുന്നു. ആദ്യ ഇന്നിംഗ്സില്‍ 100 റണ്‍സിന്റെ ലീഡ് വഴങ്ങിയ മുംബൈ രണ്ടാം ഇന്നിംഗ്സില്‍ മൂന്നിന് 208 റണ്‍സ് എന്ന നിലയിലാണ്. ഇപ്പോള്‍ മുംബൈയ്‌ക്ക് 108 റണ്‍സിന്റെ ലീഡുണ്ട്. 

ആറിന് 291 എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഗുജറാത്ത് ഇന്നിംഗ്സ് 328 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മുംബൈയ്‌ക്കു വേണ്ടി ഷര്‍ദുള്‍ താക്കൂര്‍ നാലു വിക്കറ്റെടുത്തു. ബല്‍വിന്ദര്‍ സന്ധു, അഭിഷേക് നായര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി. 90 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലും 77 റണ്‍സെടുത്ത മാന്‍പ്രിത് ജുനേജയുമാണ് ഗുജറാത്തിന് വേണ്ടി തിളങ്ങിയത്. 

100 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്ന മുംബൈയ്‌ക്കു വേണ്ടി 82 റണ്‍സെടുത്ത ശ്രേയസ് അയ്യറാണ് തിളങ്ങിയത്. 45 റണ്‍സോടെ സൂര്യകുമാര്‍ യാദവ് ക്രീസിലുണ്ട്. പ്രിഥ്വി ഷാ 35 പന്തില്‍ 44 റണ്‍സെടുത്ത് പുറത്തായി. അഖില്‍ ഹെര്‍വാദ്‌കറുടെ വിക്കറ്റാണ് മുംബൈയ്‌ക്ക് ആദ്യം നഷ്‌ടമായത്. മുംബൈയുടെ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയത് ചിന്തന്‍ ഗജയാണ്.