44 റണ്‍സെടുത്ത ഇവിന്‍ ലെവിസാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

ദില്ലി: ഐപിഎല്‍ നിലവിലെ ചാംപ്യന്മാായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ജയം അനിവാര്യമായിരുന്നു മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനോട് 11 റണ്‍സിന് പരാജയപ്പെട്ടാണ് രോഹിത് ശര്‍മയും സംഘവും പുറത്തായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡെല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മുംബൈയുടെ മറുപടി ബാറ്റിങ് 19.3 ഓവറില്‍ 163ല്‍ അവസാനിച്ചു. 

44 റണ്‍സെടുത്ത ഇവിന്‍ ലെവിസാണ് അവരുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (12), ഇഷാന്‍ കിഷന്‍ (5), കീറണ്‍ പൊള്ളാല്‍ഡ് (7), രോഹിത് ശര്‍മ (13), ക്രുനാല്‍ പാണ്ഡ്യ (4) എന്നിവര്‍ നിരാശപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യ 27ഉം ബെന്‍ കട്ടിങ് 37 റണ്‍സെടുത്തു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് 174 റണ്‍സ് നേടി. ഓപ്പണര്‍മാരായ പൃഥ്വി ഷാ (8 പന്തില്‍ 12), ഗ്ലെന്‍ മാക്സ്വെല്‍ (18 പന്തില്‍ 22), മൂന്നാമന്‍ ശ്രേയാസ് അയ്യര്‍ (10 പന്തില്‍ 6) എന്നിവര്‍ അധികനേരം ക്രീസീല്‍ പിടിച്ചു നില്‍ക്കാനായില്ല. പിന്നാലെ എത്തിയ ഋഷഭ് പന്തി (44 പന്തില്‍ 64) ന്റെ ഇന്നിങ്സാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

വിജയ് ശങ്കറിന്റെ (30 പന്തില്‍ 43) ഇന്നിങ്സും ഡെല്‍ഹിയുടെ സഹായത്തിനെത്തി. അവസാന ഓവറില്‍ അഭിഷേക് ശര്‍മയും കൂട്ടെത്തിയപ്പോള്‍ സ്‌കോര്‍ 170 കടന്നു. അഭിഷേക് 15 റണ്‍സെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് മര്‍കണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.