ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. റിയാൻ പരാഗിന്റെ (90) മികവിൽ രാജസ്ഥാൻ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം, കെ എൽ രാഹുലിന്റെയും (75) പതും നിസ്സങ്കയുടെയും (62) അർധ സെഞ്ചുറികളുടെ പിൻബലത്തിൽ ഡൽഹി മറികടന്നു.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. 50 പന്തില്‍ 90 റണ്‍സെടുത്ത റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. ഡോണോവന്‍ ഫെരേര (14 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു. പിന്നാലെ ബാറ്റിംഗിനെത്തിയ ഡല്‍ഹിയെ കെ എല്‍ രാഹുലിന്റെ (40 പന്തില്‍ 75) ഇന്നിംഗ്‌സാണ് വിജയം സമ്മാനിച്ചത്. പതും നിസ്സങ്ക (33 പന്തില്‍ 62) നിര്‍ണായക പ്രകടനം പുറത്തെടുത്തു. 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യം മറികടന്നു. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് രാഹുല്‍ - നിസ്സങ്ക സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 110 റണ്‍സാണ് ചേര്‍ത്തത്. 10-ാം ഓവറില്‍ മാത്രമാണ് രാജസ്ഥാന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. നിസ്സങ്കയെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ നിതീഷ് റാണ (17 പന്തില്‍ 33), രാഹുലിനൊപ്പം നിര്‍ണായകമായ 61 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ നിതീഷ് 15-ാം ഓവറില്‍ പുറത്തായി. പിന്നാലെ രാഹുലും മടങ്ങി. അഞ്ച് സിക്‌സും ആറ് ഫോറും നേടിയ രാഹുലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കുകയായിരുന്നു. രാഹുല്‍ മടങ്ങിയെങ്കിലും ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (19) - അഷുതോഷ് ശര്‍മ (25) സഖ്യം ഡല്‍ഹിയ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാള്‍ (6), വൈഭവ് സൂര്യവന്‍ഷി (4) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പരാഗ് - ധ്രൂവ് ജുറല്‍ (30 പന്തില്‍ 42) സഖ്യം 102 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 12-ാം ഓവറില്‍ ജുറല്‍ മടങ്ങി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയ്ക്ക് (14 പന്തില്‍ 20) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. വൈകാതെ പരാഗും മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. 50 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും എട്ട് ഫോറും നേടിയിരുന്നു.

പിന്നീട് ഫെരേരയുടെ ഇന്നിംഗ്‌സാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ആറ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫെരേരയുടെ ഇന്നിംഗ്‌സ്. ജോഫ്ര ആര്‍ച്ചര്‍ (1) ഫെരേരയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ശുഭം ദുബെയുടെ (6) വിക്കറ്റും രാജസ്ഥാന് നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്ക് ഡല്‍ഹിക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

YouTube video player