ഐപിഎൽ താരലേലം അടുത്തിരിക്കുന്ന സാഹചര്യത്തിൽ നിലനിര്‍ത്തേണ്ട കളിക്കാരെക്കുറിച്ച് ഫ്രാഞ്ചൈസികള്‍ അന്തിമധാരണയിലേക്ക് എത്തുന്നു. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് മൂന്നു കളിക്കാരെ നിലനിര്‍ത്തുന്ന കാര്യത്തിൽ ധാരണയായതായാണ് അറിയുന്നത്. നായകൻ രോഹിത് ശര്‍മ്മ, ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ ആര്‍ക്കുംവിട്ടുകൊടുക്കാൻ മുംബൈ ഉദ്ദേശിക്കുന്നില്ല. പാണ്ഡ്യയുടെ സഹോദരൻ ക്രുനാൽ പാണ്ഡ്യയെയും മുംബൈ നിലനിര്‍ത്തുമെന്നാണ് സൂചന. ഇന്ത്യൻ ടീമിലെത്താത്ത ക്രുനാലിനെ നിലനിര്‍ത്താൻ മുംബൈയ്‌ക്ക് മൂന്നുകോടി രൂപ മാത്രം മുടക്കിയാൽ മതി. ഇതിലൂടെ കീറോൺ പൊള്ളാര്‍ഡ്, ജസ്‌പ്രിത് ബൂംറ എന്നിവരെ ലേലത്തിലൂടെ ടീമിലെത്തിക്കാനും മുംബൈ ലക്ഷ്യമിടുന്നുണ്ട്. ഡൽഹി ഡെയര്‍ഡെവിള്‍സ് റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെ നിലനിര്‍ത്തുമെന്നാണ് വിവരം. വിലക്കിനുശേഷം ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്ന രാജസ്ഥാൻ റോയൽസ് സ്റ്റീവ് സ്‌മിത്തിനെ നിലനിര്‍ത്തിയേക്കും. വിലക്കിനുശേഷം മടങ്ങിയെത്തുന്ന മുൻ ചാംപ്യൻമാരായ ചെന്നൈ സൂപ്പര്‍കിങ്സ് എം എസ് ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തുമെന്നാണ് വിവരം. ഡേവിഡ് വാര്‍ണറെ നിലനിര്‍ത്താൻ സണ്‍റൈസേഴ്സ് ഹൈദരാബാദ് തീരുമാനിച്ചതായാണ് സൂചന.