ദില്ലി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ മുരളി വിജയ്ക്ക് സെഞ്ച്വറി. 170 പന്തുകളില്‍ നിന്ന് ഒന്‍പത് ബൗണ്ടറികള്‍ സഹിതമാണ് 11-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കായി നായകന്‍ വിരാട് കോലി അര്‍ദ്ധ സെഞ്ചുറി നേടി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 167 റണ്‍സെടുത്തിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് എന്ന നിലയിലാണ്.

101 റണ്‍സുമായി മുരളി വിജയും 94 റണ്‍സെടുത്ത വിരാട് കോഹ്ലിയുമാണ് ക്രീസില്‍‍. 23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാനും പൂജാരയുമാണ് പുറത്തായത്. ദില്‍റുവാന്‍ പെരേരക്കും ഗാമജിനുമാണ് വിക്കറ്റുകള്‍. ധവാനെ പുറത്താക്കിയ ദില്‍റുവാന്‍ പെരേര വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ശ്രീലങ്കന്‍ ബൗളറായി. ഇരുപത്തഞ്ചാം ടെസ്റ്റിലാണ് ദില്‍റുവാന്‍ നൂറാം വിക്കറ്റ് നേടിയത്. 27 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്‍റെ റെക്കോഡാണ് പെരേര മറികടന്നത്.