ധവാന് ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറിമുരളി വിജയിന് 12 ാം ടെസ്റ്റ് സെഞ്ചുറി

ബംഗളുരു: ടെസ്റ്റ് ക്രിക്കറ്റിലേക്ക് പിച്ചവച്ചെത്തിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ഉജ്ജ്വല തുടക്കം. ചരിത്ര ടെസ്റ്റിനിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സെഞ്ചുറി നേടി. ആദ്യ ദിനത്തിന്‍റെ ആദ്യ സെഷന്‍ അവസാനിക്കുന്നതിനു മുമ്പെ ധവാന്‍ സെഞ്ചുറി നേടിയിരുന്നു. ധവാനു പിന്നാലെ മുരളി വിജയും മൂന്നക്കം കടന്നു.

143 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സറും പറത്തിയാണ് മുരളി സെഞ്ചുറി നേടിയത്. ധവാന്‍ ആക്രമണ ശൈലിയിലാണ് മുന്നേറിയതെങ്കില്‍ മുരളി വിജയ് സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് വീശുന്നത്. അഫ്ഗാന്‍ ബൗളര്‍മാരെ അനായാസം നേരിടുകയായിരുന്നു ഇവ‍ർ. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറി നേടിയ ധവാന്‍ 96 പന്തില്‍ 107 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്. അഫ്ഗാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ധവാന്‍ 3 സിക്സറുകളും 19 ബൗണ്ടറികളും നേടി. യാമിനാണ് ധവാനെ പുറത്താക്കി അഫ്ഗാന് നേരിയ ആശ്വാസം നല്‍കിയത്.

ധവാന് പകരക്കാരനായെത്തിയ കെ എല്‍ രാഹുല്‍ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഇന്ത്യന്‍ സ്കോര്‍ ഏകദിന ശൈലിയില്‍ മുന്നേറുകയാണ്. 12 ാം ടെസ്റ്റ് സെഞ്ചുറിയാണ് മുരളി സ്വന്തമാക്കിയത്. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ചുകളിച്ച ഇന്ത്യ ഓവറില്‍ ആറ് റണ്‍സ് എന്ന നിരക്കിലാണ് ബാറ്റ് ചെയ്യുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 49.3 ഓവറില്‍ ഒരു വിക്കറ്റിന് 268 എന്ന നിലയിലാണ്. ഇന്ത്യന്‍ മണ്ണില്‍ അത്ഭുതം കാട്ടുമെന്ന് പറഞ്ഞെത്തിയ റാഷിദ്ഖാനാണ് കൂടുതല്‍ തല്ലുവാങ്ങിയത്. 16 ഓവറില്‍ 96 റണ്‍സാണ് റാഷിദ് ഇതുവരെ വിട്ടുനല്‍കിയത്.