ധര്‍മശാല: ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് വേഗം അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങാനൊരുങ്ങിയ ഇന്ത്യയെ ഹേസല്‍വുഡിന്റെ റിവ്യു വെള്ളം കുടിപ്പിച്ചു. ടിവി അമ്പയറുടെ ഇടപെടലിനെത്തുടര്‍ന്ന് ഓസ്ട്രേലിയയുടെ അവസാന ബാറ്റ്സ്മാനായ ജോഷ് ഹേസല്‍വുഡിനെ ഇന്ത്യക്ക് രണ്ടുവട്ടം പുറത്താക്കേണ്ടിവന്നു. അശ്വിന്റെ പന്തില്‍ ഹേസല്‍വുഡിനെ മുരളി വിജയ് ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു. ഫീല്‍ഡ് അമ്പയറായ ഇയാന്‍ ഗ്ലൗഡ് ഔട്ട് അനുവദിച്ചെങ്കിലും ഹേസല്‍വുഡ് തീരുമാനം റിവ്യു ചെയ്തു. ഇതിനിടെ ഹേസല്‍വുഡ് ഔട്ടെന്നുറപ്പിച്ച് ബാറ്റിംഗിനിറങ്ങാനായി വിജയ് ഗ്രൗണ്ട് വിട്ടു.

എന്നാല്‍ മുരളി വിജയ് എടുത്ത ക്യാച്ചില്‍ ടിവി അമ്പയറായ ക്രിസ് ഗഫാനി സംശയം പ്രകടിപ്പിച്ചു. ക്യാച്ചിന് മുമ്പ് പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ ടിവി അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. തുടര്‍ന്ന് ഗ്രൗണ്ട് വിടാനൊരുങ്ങിയ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും സംഘവും അവിശ്വസനീയതയോടെ നിന്നു.

ഗ്രൗണ്ട് വിട്ട വിജയ് ഡ്രസ്സിംഗ് റൂമിലെത്തി പാഡ് അണിയാന്‍ തുടങ്ങിയിരുന്നു. അമ്പയര്‍ ഔട്ട് നിരസിച്ചതോടെ വിജയ് പാഡഴിച്ചുവെച്ച് അരിശത്തോടെ ഗ്രൗണ്ടില്‍ വീണ്ടും തിരിച്ചെത്തി. ഡ്രസ്സിംഗ് റൂമിലിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി അവിശ്വസനീയതയോടെ തലയാട്ടി. രണ്ട് പന്തുകള്‍ കൂടി ഹേസല്‍വുഡിനായി അശ്വിന് എറിയേണ്ടിവന്നു. രണ്ടാം പന്തില്‍ ഹേസല്‍വുഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ തന്നെ ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.