ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ തുരുപ്പുചീട്ടായി ബംഗ്ലാദേശിന്റെ യുവ ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയോട് മാപ്പു പറയണം. എന്തിനാണെന്നല്ലെ, കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യാ-ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്കിടെ ധോണിയുമായി ഉരസിയതിന്. മുസ്തഫിസുറിന്റെ അരങ്ങേറ്റ മത്സരമായിരുന്നു അത്. ധോണിയെ കണ്ടാല്‍ സംഭവത്തില്‍ മാപ്പു പറയുമെന്ന് മുസ്തഫിസുര്‍ വ്യക്തമാക്കി.
ഇന്ത്യക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പുറത്തെടുത്ത മുസ്തഫിസുര്‍ 9.2 ഓവറില്‍ 50 റണ്‍സ് വഴങ്ങി അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. കളിക്കിടെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരും മുസ്തഫിസുറും തമ്മില്‍ പലപ്പോഴും കോര്‍ത്തിരുന്നു. ആദ്യം രോഹിത് ശര്‍മ ബാറ്റു ചെയ്യുന്നതിനിടെ പിച്ചില്‍വെച്ച് ഇരുവരും പരസ്പരം കൂട്ടിയിടിയിടുടെ വക്കത്തെത്തിയിരുന്നു.
ഇതിനുശേഷമാണ് കളിയുടെ 25-ാം ഓവറില്‍ റണ്ണിനായി ഓടുന്നതിനിടെ ധോണി പിച്ചില്‍ നില്‍ക്കുകയായിരുന്ന മുസ്തഫിസുറിന്റേ ദേഹത്ത് ഇടിച്ചത്. മനപൂര്‍വമല്ലെന്ന് തോന്നിക്കുമെങ്കിലും ഇടികൊണ്ട മുസ്തഫിസുര്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ പവലിയനിലേക്ക് മടങ്ങി. ഇത് ഇത് ഇരുടീമുകളും തമ്മില്‍ പിന്നീടുള്ള മത്സരങ്ങളിലും ചൂട് പകര്‍ന്നു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സിന്റെ തുരുപ്പുചീട്ടാണ് ടീം അംഗങ്ങള്‍ സ്നേഹത്തോടെ ഫിസ് എന്ന് വിളിക്കുന്ന മുസ്തഫിസുര്‍ ഇപ്പോള്‍. ഇംഗ്ലീഷോ ഹിന്ദിയോ വശമില്ലാത്തതിനാല്‍ പലപ്പോഴും ഗൂഗിള്‍ ട്രാന്‍സലേറ്റര്‍ ഉപയോഗിച്ചാണ് ടീം അംഗങ്ങളില്‍ പലരും മുസ്തഫിസുറുമായി ആശയവിനിമയം നടത്തുന്നത്. ബംഗാളി മാത്രമാണ് മുസ്തഫിസുറിന് ആകെ അറിയുന്ന ഭാഷ.
ഇന്ത്യന്‍ ബൗളര്‍ ബരീന്ദര്‍ സ്രാനാണ് ടീം അംഗങ്ങളില്‍ മുസ്തഫിസുറിന്റെ അടുത്ത കൂട്ടുകാരന്‍. ടീം മെന്ററായ വി വി എസ് ലക്ഷ്മണും മുത്തയ്യ മുരളീധരനും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമെല്ലാം തന്നോട് ഒരു സഹോദരനെപോലെയാണ് പെരുമാറുന്നതെന്ന് മുസ്തഫിസുര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിറാണ് തന്റെ റോള്‍ മോഡലെന്നും മുസ്തഫിസുര്‍ പറഞ്ഞു.
