തേഞ്ഞിപ്പാലം: സ്കൂൾ യുവജനോത്സവങ്ങൾ പണക്കൊഴുപ്പിന്റെ മേളകളാവുമ്പോൾ സ്കൂൾ കായികോത്സവം അതിന്റെ മറുപുറമാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുത്തുരാജും കുടുംബവും. പെട്ടി ഓട്ടോയിൽ കണ്ണൂരിൽ നിന്നുള്ള വരവാണ്. ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് ജീവിക്കുന്ന ശേഖരനും ഭാര്യയും മക്കളായ ശിവനും മൂർത്തിയും മുത്തുരാജുമാണ് വണ്ടിയിൽ.

ആക്രി പെറുക്കലിന് അവധി നൽകി ഈ കുടുംബം എത്തിയിരിക്കുന്നത് മക്കളുടെ മത്സരം കാണാൻ വേണ്ടി. ആദ്യ ഇനം ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ. മത്സരിക്കുന്നത് മൂർത്തിയും മുത്തുരാജും. ഇനി സ്റ്റേഡിയത്തിലേക്ക്. 5000 മീറ്റർ നടത്തം കഴിഞ്ഞതോടെ ക്യാമറക്കണ്ണുകൾ പറന്നെത്തിയത് പത്താം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്ത ഇത്തിരിക്കുഞ്ഞൻ മുത്തുരാജിലേക്ക്. കണ്ണൂർ പെരളിയിൽനിന്നാണ് ഈ കായിക കുടുംബത്തിന്റെ വരവ്. മൂത്ത ചേട്ടൻ ശിവൻ ക്രോസ് കൺട്രിയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മിന്നും താരം.

ഇവരിങ്ങനെയാണ്. മക്കളിൽ ആർക്ക് മത്സരമുണ്ടെങ്കിലും കുടുംബത്തോടെ പോകും. അത് തിരുവനന്തപുരത്താണെങ്കിലും പോക്ക് പെട്ടി ഓട്ടോയിലായിരിക്കുമെന്ന് മാത്രം. ഇത്തവണത്തെ തോൽവിയിൽ സങ്കടപ്പെടാനൊന്നും മുത്തുരാജില്ല. മുത്തുരാജിന്റെ ലക്ഷ്യങ്ങൾ ഒരുപാടുയരെയാണ്.