കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ കളിക്കാര്‍ക്കൊപ്പം ഇരിക്കുന്ന ആ അജ്ഞാതനാരാണെന്ന ആരാധകരുടെ ആകാംക്ഷയ്ക്ക് ഒടുവില്‍ അറുതിയായി. ശ്രീലങ്കയ്ക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലിരിക്കുന്ന താരങ്ങളുടെ ചിത്രത്തിനൊപ്പമാണ് ഒരു അജ്ഞാത താരവും ഇരിക്കുന്നത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതാരാണെന്നായി ഇതോടെ ആരാധകരുടെ ചോദ്യം. ബംഗാളിന്റെ രഞ്ജി ട്രോഫി താരം പങ്കജ് ഷായാണ് അതെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നത്.
ടെസ്റ്റിനിടെ ഇന്ത്യന്‍ ടീമിന് വെള്ളം നല്‍കാനായി ഏര്‍പ്പാടാക്കിയ കളിക്കാരനായിരുന്നു ഷാ. സാധാരണയായി ടീമിലെ പന്ത്രണ്ടാമനാണ് വെള്ളം കൊണ്ടുപോകുന്ന ചുമതലയെങ്കിലും കൊല്‍ക്കത്തയില്‍ അത് ഷാക്കായിരുന്നു. ബംഗാളിനായി 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുളള 29 കാരനായ ഷാ രണ്ട് സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം രാജസ്ഥാനെതിരെ ആയിരുന്നു ഷായുടെ രഞ്ജി അരങ്ങേറ്റം.
അതുമാത്രമല്ല, ഒരു അപൂര്‍വ്വ റെക്കോര്‍ഡും പങ്കജിന്റെ പേരിലുണ്ട്. ബംഗാളിലെ ഫസ്റ്റ് ഡിവിഷനില്‍ 413 റണ്‍സ് സ്വന്തമാക്കിയാണ് പങ്കജ് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. 44 ഫോറും 23 കൂറ്റന്‍ സിക്‌സറുകളും ആണ് പങ്കജിന്റെ കൂറ്റന്‍ ഇന്നിംഗ്‌സിന് തിളക്കമാക്കിയത്. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ സംഘടിപ്പിച്ച ത്രിദിന മത്സരത്തിലായിരുന്നു ഈ പ്രകടനം.
