എന്‍ ശ്രീനിവാസന്‍ ഐസിസിയിൽ ഇന്ത്യയുടെ പ്രതിനിധി ആകുമെന്ന് സൂചന. അടുത്ത സീസണിലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ബിസിസിഐയിൽ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നതിന് ഒരു ഉദാഹരണം കൂടി. ബിസിസിഐയിൽ പിന്തുണ നഷ്ടമായി ഐസിസിയുടെ പടിയിറങ്ങേണ്ടിവന്ന എന്‍ ശ്രീനിവാസന്‍ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലിലേക്ക്. ബിസിസിഐയുടെ പ്രതിനിധിയായി ശ്രീനിവാസനെ ഐസിസിയിലേക്ക് അയക്കാന്‍ സംസ്ഥാന അസോസിയേഷനുകള്‍ക്കിടയിൽ ധാരണയായെന്നാണ് വിവരം. ഐസിസിയിൽ മനോഹറിന്‍റെ സാന്പത്തിക പരിഷ്കാരങ്ങള്‍ക്ക് തടയിടാനും ബിസിസിഐയുടെ മേധാവിതംവ തിരിച്ചുപിടിക്കാനും ശ്രീനിവാസന് മാത്രമേ കഴിയൂ എന്നാണ് ഭൂരിപക്ഷം അസോസിയേഷനുകളുടെയും അഭിപ്രായം.ഐസിസിയിലെ ബലാബലത്തില്‍ മേൽക്കൈ നേടാന്‍ ആവശ്യമായ പരിചയസന്പത്തും ശ്രീനിവാസന് ഉണ്ട്. ഈ മാസം ഒമ്പതിന് നടക്കുന്ന ബിസിസിഐ പൊതുയോഗത്തിൽ ആദ്യ അജന്‍ഡയായി ശ്രീനിവാസന്‍റെ തെരഞ്ഞെടുത്ത് ഉള്‍പ്പെടുത്താനും തീരുമാനമായി. ലോധ സമിതി ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ തയ്യാറായാൽ ശ്രീനിവാസന്‍റെ മടങ്ങിവരവ് വിനോദ് റായി അധ്യക്ഷനായ ഇടക്കാലസമതിയും എതിര്‍ത്തേക്കില്ല .അതേസമയം ഐപിഎല്ലില്‍ ചെന്നൈയുടെ തിരിച്ചുവരവിന് കൂടി കളമൊരുക്കുകയാണ് ശ്രീനിവാസന്‍. അടുത്ത സീസണില്‍ സൂപ്പര്‍ കിംഗ്സ ടീമും ഉണ്ടാകുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഐപിഎല്ലില്‍ വാതുവയ്പില്‍ ഉള്‍പ്പെട്ട ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ 2015ൽ രണ്ട് വര്‍ഷത്തേയ്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിലക്കിയിരുന്നു.