കളിമണ്‍ കോര്‍ട്ടിലെ നഷ്‌ട പ്രതാപം വീണ്ടെടുത്ത് റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപ്പണില്‍ സ്‌പാനിഷ് താരം പത്താം കിരീടം ചൂടി. ഏകപക്ഷീയമായ ഫൈനലില്‍ സ്വിസ്റ്റര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌രിങ്കയെയാണ് റാഫേല്‍ നദാല്‍ കീഴടക്കിയത്. സ്‌കോര്‍- 6-2, 6-3, 6-1. ഫ്രഞ്ച് ഓപ്പണില്‍ 10 കിരീടം സ്വന്തമാക്കുന്ന ഏക താരം എന്ന റെക്കോര്‍ഡുമായാണ് നദാല്‍ വെന്നിക്കൊടി പാറിച്ചത്. മല്‍സരത്തിലുടനീളം വ്യക്തമായ ആധിപത്യമാണ് മുപ്പത്തിയൊന്നുകാരനായ നദാല്‍ പുലര്‍ത്തിയത്. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും നഷ്‌ടപ്പെടുത്താതെയാണ് കിരീടം ചൂടിയതെന്ന പൊന്‍തിളക്കം കൂടി നദാലിന്റെ പേരിലുണ്ട്. ടൂര്‍ണമെന്റില്‍ ഉടനീളം 35 ഗെയിമുകള്‍ മാത്രമാണ് എതിരാളികള്‍ക്ക് നദാലിനെതിരെ നേടാനായത്. 2014ല്‍ ഫ്രഞ്ച് ഓപ്പണ്‍ വിജയിച്ചതിനുശേഷം നദാല്‍ നേടുന്ന ഗ്രാന്‍സ്ലാം കിരീട വിജയമാണിത്.
റോളണ്ട് ഗാരോസില്‍ പത്താം കിരീടം ചൂടിയ നദാല്‍, പതിനഞ്ചാമത്തെ ഗ്രാന്‍സ്ലാം കിരീടം കൂടിയാണ് നേടിയത്. ഇതോടെ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള പുരുഷതാരങ്ങളില്‍ രണ്ടാമതെത്താനും നദാലിന് സാധിച്ചു. ഇതുവരെ പീറ്റ് സാംപ്രസിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയായിരുന്നു നദാല്‍. 18 കിരീടം നേടിയിട്ടുള്ള റോജര്‍ ഫെഡററാണ് ഏറ്റവുമധികം ഗ്രാന്‍സ്ലാം നേടിയിട്ടുള്ള പുരുഷ താരം. 2015ലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായിരുന്ന വാവ്‌രിങ്കയ്‌ക്ക് കലാശപ്പോരില്‍ ഒരിക്കല്‍പ്പോലും നദാലിന് വെല്ലുവിളി ഉയര്‍ത്താനായില്ല.
