റോഹ്ത്തക്ക്: ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റില്‍ ഏഴ് സ്വര്‍ണവുമായി കേരളം മുന്നില്‍. നാലാം ദിനം കേരളം മൂന്ന് സ്വര്‍ണ്ണമുള്‍പ്പെടെ എഴ് മെഡലുകള്‍ സ്വന്തമാക്കി. ഡിസ്‌കസ് ത്രോയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ അലക്സ് പി തങ്കച്ചനാണ് നാലാം ദിവസത്തെ താരം. മീറ്റ് ചരിത്രത്തിലാദ്യമായാണ് ഡിസ്കസ് ത്രോയില്‍ കേരളം സ്വര്‍ണം നേടുന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പെണ്‍കുട്ടികളില്‍ വിഷ്ണുപ്രിയ സ്വര്‍ണ്ണവും ആണ്‍കുട്ടികളില്‍ അനന്തു വിജയന്‍ വെള്ളിയും കരസ്ഥമാക്കി. 

ട്രിപ്പിള്‍ ജംമ്പില്‍ ഐശ്വര്യ സ്വര്‍ണ്ണം നേടിയപ്പോള്‍ 3000 മീറ്ററില്‍ അനുമോള്‍ തമ്പിക്ക് വെള്ളിയും കെ.ആര്‍ ആതിരക്ക് വെങ്കലവും ലഭിച്ചു. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ അനസ് വെള്ളിയും അജിത് വെങ്കലവും നേടി. നാളത്തെ ഒന്‍പത് ഫൈനല്‍ ബാക്കി നില്‍ക്കെ ഹരിയാനയെക്കാള്‍ 11 പോയിന്‍റ് മുന്നിലാണ് കേരളം. 64 പോയിന്‍റുമായി കേരളം ഒന്നാമതും 53 പോയിന്‍റുമായി ഹരിയാന രണ്ടാം സ്ഥാനത്തുമാണ്. മീറ്റ് നാളെ സമാപിക്കും.