കോഴിക്കോട്: കായിക ലോകം ആദരിക്കുന്ന അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിന് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അവഗണന. കേരളത്തിന്‍റെ മത്സരം സൗജന്യമായി കളികാണാനുള്ള പരിഗണന പോലും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഈ മുന്‍ ഇന്ത്യന്‍ നായകന് കിട്ടിയില്ല. ഒടുവില്‍ വരിനിന്ന് ടിക്കറ്റെടുത്ത് സാധാരണക്കാരെ പോലെ ഗാലറിയിലിരുന്ന് ടോം മത്സരം വീക്ഷിച്ചു. 

ഇതിനു മുന്‍പ് കോഴിക്കോട് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയായപ്പോള്‍ കിരീടമുയര്‍ത്തിയ ടീമില്‍ ടോം ഉണ്ടായിരുന്നു. പന്ത്രണ്ട് വര്‍ഷം രാജ്യത്തിന് വേണ്ടിയും 18 വര്‍ഷം കേരളത്തിനായും കളിച്ച താരം രണ്ട് തവണ ഇന്ത്യന്‍ നായകനായി. നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും കരിയറില്‍ നേരിട്ട വലിയ അവഗണനയുടെ ബാക്കിയാണ് ടോം കോഴിക്കോട് നേരിട്ടത്.

കേരളത്തിന്‍റെ കളിക്ക് ശേഷം പുറത്തിറങ്ങിയ ടോം ജോസഫിനെ ആരാധകര്‍ തിരിച്ചറിഞ്ഞു. ഇതോടെ സ്നേഹം കൊണ്ട് ഇതിഹാസ താരത്തെ ആരാധകര്‍ വീര്‍പ്പ് മുട്ടിച്ചു. ഇടയ്ക്ക് പഞ്ചാബിലെ വനിതാ താരങ്ങളും ആരാധനയോടെ ടോമിന് അരികിലെത്തി. എന്നാല്‍ എല്ലാവരോടും ചിരിച്ച് കുശലം പറഞ്ഞ് പരിഭവമില്ലാതെ അര്‍ജുന അവാര്‍ഡ് ജേതാവ് സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങി.