ഓസ്‌ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതില്‍ സോഷ്യല്‍മീഡിയയില്‍ സമ്മിശ്രപ്രതികരണം. ആശിഷ് നെഹ്റയെ തിരിച്ചുവിളിച്ചതാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ദിനേഷ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. 38കാരനായ ആശിഷ് നെഹ്റയ്‌ക്ക് എക്‌സ്‌പയറി ഡേറ്റിന്റെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് ഇടാന്‍ കഴിയുമെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. നെഹ്റയെ ഉള്‍പ്പെടുത്താമെങ്കില്‍ അജിത് അഗാര്‍ക്കറെയും ടീമിലേക്ക് തിരിച്ചുവിളിക്കാമെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. സുരേഷ് റെയ്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കില്‍, ആശിഷ് നെഹ്റ എങ്ങനെയാണ് വിജയിച്ചതെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. ദിനേഷ് കാര്‍ത്തിക്കിനെ എന്ത് ആവശ്യത്തിന് വേണ്ടിയാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ചോദ്യമുണ്ട്. രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കിക്കൂടെയെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം നെഹ്റയെ ഉള്‍പ്പെടുത്തിയത്, ടീമിന് കൂടുതല്‍ പ്രചോദനമാകുമെന്നും നല്ല തീരുമാനമാണെന്നും ട്വീറ്റ് ചെയ്തവരുണ്ട്.